Asianet News MalayalamAsianet News Malayalam

ഫുൾ കള്ള് കുടിച്ച ആളുകൾ, ഓടി അകത്ത് കയറി; എന്തെങ്കിലും പറഞ്ഞാൽ ഫെമിനിസ്റ്റ്, ​ഗതികേടാണത്; മെറീന മൈക്കിൾ

പണ്ടും കാരവാനില്ലാതെ ഉർവശി, ശോഭന ചേച്ചി തുടങ്ങിയവരൊക്കെ സെറ്റിൽ നിന്നും ബഡ്ഷിറ്റൊക്കെ വിരിച്ച് വസ്ത്രം മാറിയിട്ടുണ്ട് എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ടെന്നും മെറീന. 

mareena michael kurisingal explain shine tom chacko interview issue nrn
Author
First Published Jan 18, 2024, 9:04 AM IST

താനും ദിവസം മുൻപ് നടി മെറീന മൈക്കിൾ ഒരഭിമുഖത്തിനിടെ ഇറങ്ങിപ്പോയത് ഏറെ ശ്രദ്ധനേടിയിരുന്നു. 
ഒരു സിനിമയുടെ ലൊക്കേഷനിൽ പുരുഷന്മാർക്ക് കാരവനും താൻ അടക്കമുള്ളവർക്ക് ബാത്ത്‌റൂം സൗകര്യം പോലുമില്ലാത്ത മുറിയാണ് തന്നതെന്നും മെറീന പറഞ്ഞിരുന്നു. പിന്നാലെ ഷൈനും മെറീനയും തമ്മിൽ വാക്കുതർക്കമായി. പുരുഷന്മാരെ ഒന്നടങ്കം ആക്ഷേപിക്കരുതെന്നും ആ നടന്മാർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തണമെന്നും ഷൈൻ ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ തോതിൽ ചർച്ചകൾക്കും ഇടയാക്കി. ഇപ്പോഴിതാ എന്താണ് അന്ന് നടന്നതെന്നും താൻ എന്താണ് പറയാൻ ഉദ്ദേശിച്ചതെന്നും പറയുകയാണ് മെറീന. 

മെറീന മൈക്കിളിന്റെ വാക്കുകൾ ഇങ്ങനെ

ഈ അഭിമുഖം ഓൺ എയർ വന്ന ശേഷം ഒരുപാട് കമന്റുകൾ വന്നിരുന്നു. എന്താണ് സംഭവമെന്ന് അറിയാനായി ഒത്തിരി പേർ വിളിക്കുന്നുണ്ട്. എല്ലാവരും ഇത് സ്ക്രിപ്റ്റഡ് ആണെന്നാണ് കരുതിയിരിക്കുന്നത്. അതൊരിക്കലും സ്ക്രിപ്റ്റഡ് അല്ല. എനിക്ക് ഉണ്ടായൊരു അനുഭവം, എന്റെയൊരു പ്രശ്നം സംസാരിച്ചതാണ്. സിനിമ പത്തൊൻപതിന് റിലീസുമാണ്. അപ്പോൾ സിനിമയെ പറ്റിയുള്ള ചർച്ചയെക്കാൾ കൂടുതൽ വിവാദപരമായ കാര്യങ്ങൾ വരുമ്പോൾ സിനിമയെ ബാധിക്കരുതെന്ന് കരുതിയാണ് വീഡിയോ ചെയ്യുന്നത്. 

എനിക്ക് ഒരുപാട് വിഷമവും പ്രതികരിക്കാൻ ഒരുപാട് പറ്റാത്ത സിറ്റുവേഷനിൽ ചെയ്തൊരു ചർച്ചയാണത്. ഞാൻ എന്താണ് പറയാൻ വന്നതെന്നുള്ളത് പോലും അംഗീകരിക്കുക പോലും ചെയ്യുന്നില്ലെന്ന് തോന്നി. അഭിമുഖത്തിന് താഴെ വന്നിരിക്കുന്ന കമന്റ് എന്നത് ഞാൻ ആണുങ്ങൾക്ക് എതിരെ പറഞ്ഞു, ഇവള് ഫെമിനിസ്റ്റ് ആണ്, വിക്ടിം കാർഡ് പ്ലെ ചെയ്യുകയാണ് എന്നൊക്കെയാണ്. ഞാൻ എല്ലാ ആണുങ്ങളും എന്ന് പറഞ്ഞ് ഒന്നും പറഞ്ഞില്ല. എന്റെ സുഹൃത്തായിട്ടുള്ള ഷൈൻ ടോം ചാക്കോയെ പോലുമല്ല ഞാൻ പറഞ്ഞത്. ചില ആളുകൾ. ആ ചില വിഭാ​ഗത്തിൽ വരുന്നത് ആണുങ്ങൾ ആയത് കൊണ്ട് ആണുങ്ങൾ എന്ന് പറഞ്ഞെന്നെ ഉള്ളൂ. വ്യക്തിപരമായി ഏതെങ്കിലും ആർട്ടിസ്റ്റിനോ നിങ്ങൾക്കോ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണ്. 

ഞാൻ അന്ന് പറഞ്ഞ് വന്ന കാര്യം- ഞാൻ തിരുവനന്തപുരത്ത് ഒരു സിനിമയുടെ ഷൂട്ട് നടക്കുകയാണ്. ആ സിനിമയിൽ രണ്ട് പുരുഷ അഭിനേതാക്കൾ ഉണ്ടായിരുന്നു. അന്നെനിക്ക് പീരിയഡ്സ് ആണ്. ആ സമയത്ത് സ്വാഭാവികമായിട്ടും നല്ലൊരു റൂം ഉണ്ടെങ്കിൽ പോലും നല്ലൊരു ബാത് റൂം കൂടി വേണമെന്ന് നമ്മൾ ആ​ഗ്രഹിക്കുമല്ലോ. അങ്ങനെ വേണമല്ലോ. ഫിസിക്കലി നമ്മൾ അത്രയും ബുദ്ധിമുട്ടുന്ന സമയമാണ്. ആദ്യദിവസം തന്ന റൂമിൽ പ്രോപ്പർ ബാത് റൂം പോലുമില്ല. പക്ഷേ ലീഡ് ആയിട്ടുള്ള പുരുഷ അഭിനേതാക്കൾക്ക് അവർ കാരവാൻ കൊടുത്തിട്ടുണ്ട്. ഒരുവേള അവരോട് ഇക്കാര്യം സംസാരിച്ചപ്പോൾ കാരവാൻ ഉപയോ​ഗിക്കാൻ പറഞ്ഞു. പക്ഷേ എനിക്കത് കൺഫർട്ടബിളായി തോന്നിയില്ല. കാരണം അവർക്ക് കൊടുത്തതാണല്ലോ അത്. 

ഷൂട്ടിന് താമസ സൗകര്യം ഒരുക്കിയത് ഒരു ബാർ ഹോട്ടലിന് അടുത്താണ്. ആദ്യത്തെ രണ്ട് ദിവസം ഷൂട്ട് കഴിഞ്ഞ് വന്നപ്പോൾ ഹോട്ടലിന് താഴെ ഫുൾ കള്ള് കുടിച്ച ആളുകളാണ്. ഡ്രൈവർ ചേട്ടനോട് ഞാൻ ഇറങ്ങി ഓടുമെന്നാണ് പറയുന്നത്. അശ്വിൻ ആണ് എന്റെ അസിസ്റ്റന്റ്. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ച് പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് ഓടി അകത്ത് കയറി. പിന്നെ ഞാൻ പുറത്ത് ഇറങ്ങിയിട്ടെ ഇല്ല. ഭക്ഷണം ഓർഡർ ചെയ്യാൻ തോന്നിയാൽ അതിന് പോലും സാധിക്കില്ലായിരുന്നു. കാരണം താഴെ ഇങ്ങനെയാണ്. ഒടുവിൽ ക്രുവിനോട് വേറെ നല്ലൊരു ഹോട്ടലിലേക്ക് മാറ്റി തരുമോന്ന് ചോദിച്ചു. ബ്രേക്കിന് ഞാൻ കൊച്ചിയിൽ വന്ന് തിരിച്ച് പോയപ്പോഴും ഇത് തന്നെ അവസ്ഥ. റൂമില്ലെന്നാണ് അവർ പറയുന്നത്. അവസാനം ഞാൻ തന്നെ ഒരു നല്ലൊരു ഹോട്ടലിൽ വിളിച്ച് മേടിച്ചെടുത്തു. ആരെങ്കിലും കേറി പിടിച്ചുവെന്ന് ഞാൻ ഒരു പരാതി പറഞ്ഞാൽ അവരെന്താ ചോ​ദിക്കാ, നിങ്ങൾ വേണമെങ്കിൽ ചോദിച്ച് മേടിക്കണമായിരുന്നു എന്ന്. അങ്ങനെയൊക്കെ പറയേണ്ടി വരുന്നതിന്റെ ​ഗതികേടും ബുദ്ധിമുട്ടും ഒക്കെയാണ് ഞാൻ സംസാരിച്ചത്. അല്ലാതെ ആണുങ്ങൾ എല്ലാവരും എന്നോട് ഇങ്ങനെ പെരുമാറി എന്നല്ല. എന്നോട് മാന്യമായും നല്ല രീതിയിൽ പ്രവർത്തിച്ചതുമായ ഒരുപാട് പേരുണ്ട്. സിനിമിൽ തന്നെ. ഒരു ആർട്ടിസ്റ്റ് കാരവാൻ യൂസ് ചെയ്യാൻ സമ്മതിച്ചില്ലെന്ന് സ്വാസിക പറഞ്ഞിരുന്നു. അന്ന് അവിടെ ഉണ്ടായിരുന്ന ഒരു മെയിൽ ആർട്ടിസ്റ്റാണ് കാരവാൻ യൂസ് ചെയ്യാൻ കൊടുത്തത്. ഇങ്ങനെ കുറേ കാര്യങ്ങൾ. പലതും പുറത്തുവരുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ ഫെമിനിസ്റ്റ് ആണെന്ന് പറയും. ഇത് ഫെമിനിസം അല്ല ഒരുതരം ​ഗതികെട്ട അവസ്ഥയാണ്. 

ഇതെക്കെ അം​ഗീകരിക്കുന്നില്ലെന്ന് കണ്ടപ്പോൾ, എഴുന്നേറ്റ് പോകുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല. ഞാൻ ഭയങ്കര ബോൾഡ് ആണ് എന്ന് പറഞ്ഞ് ഫേയ്ക്ക് ചെയ്ത് മടുത്തൂ. ഞാൻ ബോൾഡൊന്നും അല്ല. ഭയങ്കര സെൻസിറ്റീവ് ആണ്. വീട്ടുകാരുടെ പ്രാർത്ഥന കൊണ്ടോ ഒരു ധൈര്യം കൊണ്ടോ ആണ് ഞാൻ സർവൈവ് ചെയ്ത് പോകുന്നത്. ആൾക്കാരെന്നോട് മോശമായി സംസാരിക്കരുതെന്ന് കരുതി ഞാൻ തന്നെ ക്രിയേറ്റ് ചെയ്തെടുത്ത പേഴ്സണാലിറ്റിയാണത്. അത് ഒത്തിരി എനിക്ക് ഹെൽപ് ചെയ്തിട്ടുണ്ട്. 

സെറ്റ് സാരിയിൽ മലയാളി പെൺകൊടിയായി അമ്പിളിദേവി, 'ശാലീന സുന്ദരി'യെന്ന് കമന്റുകൾ

ഞാൻ കരയുന്നത് എന്തിനെന്ന് ചോദിച്ചാൽ എനിക്ക് ഇതെവിടെ എങ്കിലും പറയണം. സംസാരിച്ച് തുടങ്ങുമ്പോഴേക്കും ഞാൻ കരയും. ഒരുപാട് കോളുകളും വിവാദമെന്ന രീതിയലും നടക്കുന്നുണ്ട്. പണ്ടും കാരവാനില്ലാതെ ഉർവശി, ശോഭന ചേച്ചി തുടങ്ങിയവരൊക്കെ സെറ്റിൽ നിന്നും ബഡ്ഷിറ്റൊക്കെ വിരിച്ച് വസ്ത്രം മാറിയിട്ടുണ്ട് എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ഏതെങ്കിലും സെറ്റിൽ ഇന്ന് ഞാൻ അങ്ങനെ ചെയ്ത് കഴിഞ്ഞാൽ, അടുത്ത സെറ്റിൽ പറയും എനിക്ക് റൂമൊന്നും തരേണ്ടെന്ന്. അതുകൊണ്ടാണ് ചെറിയ കാര്യങ്ങൾ വരെ നമ്മൾ ചോദിച്ച് വാങ്ങിക്കുന്നത്. ഇതാണ് ഞാൻ അഭിമുഖത്തിൽ പറയാൻ വന്നത്. പക്ഷേ അത് നടന്നില്ല. എട്ട് വർഷമായി സിനിമയിൽ. തോൽക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്റെ ലൈഫ് മുന്നോട്ട് കൊണ്ട് പോകണം. എന്നെ ആശ്രയിച്ച് കഴിയുന്ന കുറച്ച് പേർ വീട്ടിലുണ്ട്. എന്റെ അപ്പൻ മരിച്ചപ്പോൾ പോലും ഞാൻ കരഞ്ഞിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios