മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി വേഷമിടുന്ന പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. സിനിമാപ്രേമികള്‍ക്കുള്ള പുതുവത്സര സമ്മാനമായി അര്‍ധരാത്രിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പടക്കളത്തിലേക്ക് തന്റെ കുതിരപ്പുറത്ത് കുതിയ്ക്കുന്ന 'മരയ്ക്കാരാ'ണ് പോസ്റ്ററില്‍. ചുറ്റം മറ്റ് സേനാംഗങ്ങളുമുണ്ട്. മോഹന്‍ലാലിന്റെ കൈപ്പടയിലുള്ള പുതുവത്സരാശംസയുമുണ്ട് പോസ്റ്ററില്‍. തന്റെ ഹൃദയത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ചിത്രമാണിതെന്ന് മോഹന്‍ലാല്‍ പോസ്റ്ററില്‍ കുറിച്ചിരിക്കുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 26ന് ആണ്. ലോകമെമ്പാടുമുള്ള 5000 തീയേറ്ററുകളില്‍ ചിത്രം എത്തിക്കുമെന്നാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് അവകാശപ്പെടുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മഞ്ജു വാര്യരും പ്രഭുവും പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ് തിരുനാവുക്കരശ് ആണ്. എഡിറ്റിംഗ് എം എസ് അയ്യപ്പന്‍ നായര്‍. സംഗീതം റോണി റാഫേല്‍. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് പ്രഭാവര്‍മ്മ, ഹരിനാരായണന്‍, ഷാഫി കൊല്ലം, ഹരിനാരായണന്‍ എന്നിവര്‍. പശ്ചാത്തലസംഗീതം അങ്കിത് സൂരി, യെല്‍ ഇവാന്‍സ് റോഡര്‍, രാഹുല്‍ രാജ് എന്നിവര്‍. ആക്ഷന്‍ കൊറിയോഗ്രഫി ത്യാഗരാജന്‍, കസു നെഡ, സംരത് മംഗ്പുത് എന്നിവര്‍.