മൂന്ന് വിജയചിത്രങ്ങള്‍ ഒരുക്കിയ മാര്‍ട്ടിന്‍ പ്രക്കാട്ട് അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി വരുന്നു. 'നായാട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം നിമിഷ സജയനും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. 'അയ്യപ്പനും കോശി'യും ഉള്‍പ്പെടെ നിര്‍മ്മിച്ച ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി 2015ല്‍ പുറത്തെത്തിയ ചാര്‍ലിയാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. 'ജോസഫി'ന് തിരക്കഥയൊരുക്കിയ ഷാഹി കബീര്‍ ആണ് നായാട്ടിന്‍റെ രചന. ഛായാഗ്രഹണം ഷൈജു ഖാലിദ്. സി യു സൂണിലൂടെ സംവിധായകനെന്ന നിലയില്‍ വീണ്ടും കൈയ്യടികള് നേടിയ മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

പ്രവീണ്‍ മൈക്കള്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. അനൗണ്‍സ്‍മെന്‍റ് പോസ്റ്ററും ചിത്രത്തിന്‍റെ പ്രഖ്യാപനത്തിനൊപ്പം അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. 'ചിലപ്പോള്‍ വേട്ടക്കാരന്‍ ഇരയായി മാറും' എന്ന് ചിത്രത്തിന്‍റെ ടാഗ് ലൈന്‍ പോലെ തോന്നിപ്പിക്കുന്ന ഒരു വാചകവും പോസ്റ്റര്‍ പങ്കുവെക്കവെ ഫേസ്ബുക്കില്‍ കുഞ്ചാക്കോ ബോബന്‍ കുറിച്ചിട്ടുണ്ട്. ഓള്‍ഡ് മങ്ക്സിന്‍റേതാണ് പോസ്റ്റര്‍ ഡിസൈന്‍.