മാര്‍ട്ടിൻ പ്രക്കാട് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു.

'ബെസ്റ്റ് ആക്ടര്‍', 'എബിസിഡി', 'ചാർലി', 'നായാട്ട്' തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ സിനിമയിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. ബിജു മേനോനും പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു. രതീഷ് ബാലകൃഷ്‍ണൻ പൊതുവാളാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. ഇന്ന് എറണാകുളം ഗോകുലം പാർക്കിൽ വച്ചുനടന്ന ‘പ്രണയവിലാസം’ സക്സസ് മീറ്റിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്.

'മല്ലുസിംഗ്', 'സീനിയേഴ്‍സ്', 'സ്‍പാനിഷ് മസാല', 'ഓർഡിനറി', 'ത്രീ ഡോട്‍സ്', 'മധുരനാരങ്ങ', 'റോമൻസ്', '101 വെഡ്ഡിംഗ്‍സ്', 'കഥവീട്' എന്നിങ്ങനെയുള്ള സിനിമകളില്‍ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച, ത്രില്ലടിപ്പിച്ച കുഞ്ചാക്കോ ബോബൻ- ബിജു മേനോൻ ഹിറ്റ് കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടിനൊപ്പം വീണ്ടും ഒരുമിച്ചെത്തുകയാണ്. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികൾ സംയുക്തമായാണ് സിനിമയുടെ നിര്‍മ്മാണ നിർവ്വഹണം. ഷൈജു ഖാലിദാണ് സിനിമയുടെ ഛായാഗ്രഹണം. വാർത്താ പ്രചരണം സ്നേക്പ്ലാന്റ് ആണ്.

കുഞ്ചാക്കോ ബോബൻ നായകനായി ഒടുവിലെത്തിയ ചിത്രം 'പകലും പാതിരാവും' ആണ്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം. രജിഷ് വിജയൻ ആണ് നായിക. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രാഹണം.

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം ഗോപാലൻ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുകയും ചെയ്‍തിരിക്കുന്നു. 'മിന്നല്‍ മുരളി' എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ ഗുരുസോമസുന്ദരം 'പകലും പാതിരാവി'ലും പൊലീസ് ഓഫീസറായിട്ട് അഭിനയിച്ചിരിക്കുന്നു. 'പകലും പാതിരാവും' എന്ന ചിത്രത്തിന്റെ സംഗീതം സ്റ്റീഫന്‍ ദേവസ്സിയും വരികള്‍ എഴുതിയിരിക്കുന്നത് സേജ്ഷ് ഹരിയുമാണ്.

Read More: 'വിക്കിപീഡിയ ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്‍തു', ആരോപണവുമായി കങ്കണ