ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം

ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ - ചാപ്റ്റർ 1’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ആകാംഷയും ഉദ്വേഗമുണർത്തുന്ന ട്രെയിലറിലൂടെ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത, വിശ്വസിക്കാൻ പോലും പ്രയാസമുള്ള നിഗൂഢതകളുടെ ലോകത്തെയാണ്. ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമേയത്തിലേക്കും അവതരണത്തിലേക്കും പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്ന രീതിയിലാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഡിസംബർ 3 ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണത്തിലൂടെ തുറക്കപ്പെടുന്ന നിഗൂഢമായ ലോകമാണ് ‘മായൻ’ അവതരിപ്പിക്കുന്നത്. സാധാരണ അന്വേഷണങ്ങൾക്കും യുക്തിക്കും അപ്പുറത്തുള്ള ചില സംഭവങ്ങളിലേക്കും ആചാരങ്ങളിലേക്കും എത്തുന്ന കഥാപശ്ചാത്തലമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. കേരളത്തിൽ നിലനിന്നിരുന്നതായി പറയപ്പെടുന്ന അപൂർവ്വവും നിഗൂഢവുമായ ആചാരങ്ങളുമായി ബന്ധപ്പെട്ട ‘കറുത്തച്ചനൂട്ട്’ എന്ന പ്രമേയവും ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ഘടകമാണ്. മനുഷ്യന്റെ വിശ്വാസങ്ങൾക്കും ഭയങ്ങൾക്കും അപ്പുറത്ത് മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു ത്രില്ലർ അനുഭവമായിരിക്കും ചിത്രം നൽകുക. ‘ബിയോണ്ട് ദി ഷാഡോസ്’ എന്ന ടാഗ്‌ലൈനും ഈ നിഗൂഢതയുടെ സ്വഭാവം വ്യക്തമാക്കുന്നു.

ജയസൂര്യ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ ഔദ്യോഗിക ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നിഗൂഢമായ സാഹചര്യങ്ങളും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞ ലോകത്ത് അയാൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന ആകാംക്ഷയാണ് ട്രെയ്‌ലർ സൃഷ്ടിക്കുന്നത്. നായികയായി നൈല ഉഷ എത്തുന്നു. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥാപാത്രങ്ങളെയും കഥയുടെ പൂർണ്ണമായ പശ്ചാത്തലത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ പ്രേക്ഷകരിൽ ആകാംക്ഷ നിലനിർത്തുന്ന രീതിയിലാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.

‘കളങ്കാവൽ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ കെ. ജോസിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ‘മായൻ’. തിരക്കഥ ഒരുക്കുന്നത് ജിതിൻ കെ. ജോസും റാഫിയും ചേർന്നാണ്. ഫൈസൽ അലി ഒരുക്കിയ ദൃശ്യങ്ങൾ മുജീബ് മജീദിന്റെ സംഗീതം എന്നിവയും ട്രെയിലറിൻ്റെ ഹൈലൈറ്റുകളാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനമായ ‘കൊള്ളിപ്രാക്ക്’ സംഗീതത്തിലെ പരീക്ഷണാത്മകമായ സമീപനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മലയാള ചിത്രത്തിന്റെ സംഗീതാവകാശം യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് സ്വന്തമാക്കിയതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വ്യത്യസ്തമായ പ്രമേയവും നിഗൂഢത നിറഞ്ഞ കഥാപശ്ചാത്തലവും ദൃശ്യാവിഷ്കാരവും കൊണ്ട് മലയാള സിനിമയിൽ വേറിട്ടൊരു ത്രില്ലർ അനുഭവം സമ്മാനിക്കാനാണ് ‘മായൻ’ ഒരുങ്ങുന്നത്.

ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, വരികൾ: രാജീവ് ഗോവിന്ദൻ, ജിതിൻ കെ. ജോസ്, കോ-റൈറ്റർ: ശ്രീഖിൽ ശ്രീനിവാസൻ, സ്റ്റിൽസ്: സിനത് സേവ്യർ, പ്രോജക്ട് ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വിപിൻ കുമാർ വി.

MAYAN Chapter 1 - Trailer | Jayasurya | Jithin K Jose | Rajeev Govindan | Nyla Usha | Mujeeb Majeed