പുരാതന രഹസ്യങ്ങളും ദുർമന്ത്രവാദവും പ്രമേയമാകുന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.
ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ – ചാപ്റ്റർ 1’ന്റെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കി ഹോം സ്ക്രീന്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്. മമ്മൂട്ടി നായകനായ ‘കളങ്കാവൽ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മായൻ – ചാപ്റ്റർ 1’. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമാണം. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയസൂര്യയ്ക്കൊപ്പം നൈല ഉഷ, വിജയ് ബാബു, നിരഞ്ജന അനൂപ്, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. രാജ്യാതിർത്തികൾ കടന്നുപോകുന്ന നിഗൂഢതകളുടെ ലോകമാണ് ചിത്രം അവതരിപ്പിക്കുന്നതെന്നാണ് ഇതുവരെ പുറത്തുവന്ന സൂചനകൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യ ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധം കഥയുടെ പശ്ചാത്തലമാകുമെന്ന റിപ്പോർട്ടുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദ രീതിയും ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടിരിക്കാമെന്ന ചർച്ചകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നിഗൂഢതയും ആഗോള പശ്ചാത്തലവും സമന്വയിപ്പിക്കുന്ന മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
കളങ്കാവലിന്റെ സാങ്കേതിക സംഘത്തിലെ പ്രധാന അംഗങ്ങളിൽ പലരും മായനിലും ജിതിൻ കെ. ജോസിനൊപ്പം വീണ്ടും ഒന്നിക്കുന്നു. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുമ്പോൾ മുജീബ് മജീദ് സംഗീതവും പ്രവീൺ പ്രഭാകർ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. സുനിൽ ദാസ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- രോഹിത്ത് ആർ നായർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പിആർഒ & ഡിജിറ്റൽ മാർക്കറ്റിംഗ്- വിപിൻ കുമാർ വി, വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ്- സിനത് സേവ്യർ, ഡിസൈൻസ്- ആന്റണി സ്റ്റീഫൻ. ഡിസംബര്‍ 3 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം എത്തും.





