നടി മീനാക്ഷി അനൂപ് ഒരു അഭിമുഖത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിനെ പ്രശംസിച്ചത് ചർച്ചയാകുന്നു. കക്ഷിരാഷ്ട്രീയത്തിനപ്പുറം, കാര്യങ്ങൾ സംസാരിക്കുന്ന നേതാക്കളെ ഇഷ്ടമാണെന്നും ശിവപ്രസാദിന്റെ സംസാരം ശ്രദ്ധിക്കാറുണ്ടെന്നും അവർ പറഞ്ഞു.
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മീനാക്ഷി അനൂപ്. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ താരം അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഒപ്പം എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ച് കരിയർ ബ്രേക്ക് ലഭിച്ചു. അഭിനയത്തിന് പുറമെ അവതാരകയായും തിളങ്ങിയ മീനാക്ഷി സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് നൽകുന്ന ക്യാപ്ഷനുകളും അതിന് വരുന്ന കമന്റിന് മീനാക്ഷി നൽകുന്ന മറുപടിയുമെല്ലാം ഏറെ ശ്രദ്ധനേടാറുണ്ട്.
ഇപ്പോഴിതാ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദിനെ കുറിച്ച് മീനാക്ഷി അനൂപ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. യുവതലമുറ രാഷ്ട്രീയത്തിൽ ശിവപ്രസാദിനെ തനിക്ക് ഇഷ്ടമാണെന്നാണ് മീനാക്ഷി പറയുന്നത്. ഒരു അഭിമുഖത്തിനിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
"യൂത്തിൽ ഒരാളുണ്ട്..എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഒരു ചേട്ടനുണ്ട്. പേര് എം ശിവപ്രസാദ് എന്നോ മറ്റോ ആണ്. ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ സ്ഥിരം കേൾക്കുന്ന ഒരാളാണ്. കക്ഷി രാഷ്ട്രീയമല്ല ഞാൻ പറയുന്നത്. പാർട്ടിയെക്കാൾ ഉപരി ഇങ്ങനെ കാര്യമുള്ള കാര്യങ്ങൾ സംസാരിക്കുന്ന നേതാക്കളുണ്ടല്ലോ. അവർ പറയുന്നതിൽ കാര്യമുണ്ടാകും. അങ്ങനെ ഉള്ളവരെ എനിക്ക് ഭയങ്കര ഇഷ്ടമാണ്", എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. പിന്നാലെ മീനാക്ഷിയുടെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ പോസ്റ്റിടുന്നുണ്ട്.
അതേസമയം, 'പ്രൈവറ്റ്' എന്ന ചിത്രമാണ് മീനാക്ഷിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവാഗതനായ ദീപക് ഡിയോൺ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ചിത്രം മനോരമ മാക്സിലൂടെ കാണാനാവും.



