''എനിക്ക് എന്റെ ഈ സ്കിൻ ടോണും ഈ നിറവും വളരെ ഇഷ്ടമാണ്''.

വർഷങ്ങളായി ടെലിവിഷൻ രംഗത്ത് നിറഞ്ഞുനിൽക്കുന്ന അവതാരകയാണ് മീര അനിൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സ്ത്രീ എന്ന ടെലിവിഷൻ പരിപാടിയിലൂടെയായിരുന്നു മീരയുടെ കരിയറിന് തുടക്കം. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മീര മലയാളികൾക്ക് പരിചിതമായ മുഖമായി മാറി. ബിസിനസുകാരനായ വിഷ്ണുവാണ് താരത്തിന്റെ ഭർത്താവ്.

താൻ സ്വീകരിച്ചിട്ടുള്ള ചില നിലപാടുകളെക്കുറിച്ചും പാലിക്കുന്ന മൂല്യങ്ങളെക്കുറിച്ചും മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ പുതിയ അഭിമുഖത്തിൽ മീര സംസാരിക്കുന്നുണ്ട്. ചർമത്തിന്റെ നിറം വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന 'ഗ്ലൂട്ടാത്തയോൺ' എന്ന ഉത്പന്നത്തിന്റെ പരസ്യം താൻ നിരസിച്ചതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് ഈ വിഷയത്തിൽ മീര നിലപാട് വ്യക്തമാക്കിയത്.

''സോഷ്യൽ മീഡിയയിലൂടെ എന്നെ സമീപിച്ച് ഏറ്റവും കൂടുതൽ പ്രതിഫലം വാഗ്ദാനം ചെയ്തത് ഗ്ലൂട്ടാത്തയോൺ ഉൽപന്നത്തിന്റെ ബ്രാൻഡുകളാണ്. ആ പ്രൊഡക്റ്റ് ഉപയോഗിച്ചാൽ എന്റെ ശരീരത്തിന്റെ നിറത്തിൽ നല്ല മാറ്റമുണ്ടാകും, സ്കിൻ ടോൺ ബെറ്റർ ആകും എന്നൊക്കെയാണ് അവർ പറഞ്ഞത്. അഞ്ച് മുതൽ ആറ് ലക്ഷം രൂപ വരെയാണ് അവർ ഓഫർ ചെയ്തത്. പക്ഷേ ഞാൻ ആ ഓഫർ നിരസിച്ചു. കാരണം, എന്നിൽ അത്തരമൊരു മാറ്റം വരുത്താൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. എനിക്ക് എന്റെ ഈ സ്കിൻ ടോണും ഈ നിറവും വളരെ ഇഷ്ടമാണ്, അത് മാറ്റാൻ എനിക്ക് താൽപര്യവുമില്ല. ഇത് നിറത്തിന്റെ കാലമല്ല, കഴിവിന്റെ മാത്രം കാലമാണ്. അടുത്തിടെ ഒരു പരിപാടിയിൽ നിവിൻ പോളി പറഞ്ഞ ഒരു വാക്ക് എന്നെ വല്ലാതെ സ്പർശിച്ചു; ''നിങ്ങൾക്ക് ഓടിയെത്താൻ പറ്റാത്ത അകലവുമില്ല, കയ്യെത്തിപ്പിടിക്കാൻ പറ്റാത്ത ദൂരവുമില്ല''. ഞാനും അതാണ് പൂർണ്ണമായി വിശ്വസിക്കുന്നത്," മീര അഭിമുഖത്തിൽ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക