സോഷ്യൽ മീഡിയയിൽ കുട്ടികളെ വെച്ച് കണ്ടന്റ് ഉണ്ടാക്കുന്നതിനോട് തങ്ങൾക്ക് താത്പര്യമില്ലെന്നു പറയുകയാണ് ഇരുവരും.

വർഷങ്ങളായി ടെലിവിഷൻ രംഗത്ത് നിറഞ്ഞുനിൽക്കുന്ന അവതാരകയാണ് മീര അനിൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സ്ത്രീ എന്ന ടെലിവിഷൻ പരിപാടിയിലൂടെയായിരുന്നു മീരയുടെ കരിയറിന് തുടക്കം. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലൂടയെും ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മീര അനിൽ മലയാളികൾക്ക് പരിചിതമായ മുഖമായി മാറി. ബിസിനസുകാരനായ വിഷ്ണുവാണ് താരത്തിന്റെ ഭർത്താവ്. സോഷ്യൽ മീഡിയയിൽ കുട്ടികളെ വെച്ച് കണ്ടന്റ് ഉണ്ടാക്കുന്നതിനോട് തങ്ങൾക്ക് താത്പര്യമില്ലെന്നു പറയുകയാണ് ഇരുവരും. ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ വിറ്റ് കാശാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഇരുവരും വ്യക്തമാക്കി.

''ഗര്‍ഭം വിറ്റിട്ടോ, ഞങ്ങളുടെ ഇനി വരാന്‍ പോകുന്ന കൊച്ചുങ്ങളെ വിറ്റിട്ടോ, വ്യക്തി ജീവിതം വിറ്റിട്ടോ ഉണ്ടാക്കുന്ന പൈസ വേണ്ട എന്ന് ഞങ്ങള്‍ ആദ്യം തന്നെ തീരുമാനിച്ചിരുന്നു. ഫാമിലി പ്ലാനിങിനെക്കുറിച്ച് ഞങ്ങളുടെ മനസില്‍ പോലും ഇല്ലാതിരുന്ന സമയത്ത് പല ചാനലുകളില്‍ നിന്നും വിളിച്ചിട്ട് ചേച്ചി ഒമ്പത് മാസം ഞങ്ങള്‍ക്ക് തരണേ, ഞങ്ങള്‍ ഇപ്പോഴേ കോണ്‍ട്രാക്ട് ചെയ്യാം, ഇത്രയും രൂപ തരാം, ഒമ്പത് മാസം ചേച്ചിയുടെ എക്‌സ്‌ക്യൂസീവ് കണ്ടന്റ് നമ്മള്‍ എടുക്കാം എന്നു പറഞ്ഞിട്ടുണ്ട്. എന്നില്‍ നിന്നും നിങ്ങള്‍ക്ക് അത് കിട്ടാന്‍ പോകുന്നില്ലെന്ന് ഞാന്‍ പറഞ്ഞു.

റീച്ചും വ്യൂസും കുറയുമ്പോള്‍ എന്റെ പിള്ളേരെ എടുത്തിടാന്‍ പറ്റില്ല. ഏറ്റവും എളുപ്പമുള്ള ടെക്‌നിക് ആണ്, പിള്ളേരേയും അവരുടെ ക്യൂട്ട്‌നെസും കാണിക്കുന്നത്? അവരെ കാമറയ്ക്ക് മുമ്പില്‍ നിര്‍ത്തി അവരുടെ കുട്ടിത്തം വില്‍ക്കുകയല്ലേ ചെയ്യുന്നത്? ഇതൊക്കെ ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായമാണ്. ഇത് ചെയ്യുന്നവരോട് യാതൊരു എതിര്‍പ്പുമില്ല. ഞാന്‍ അങ്ങനെയുളള കണ്ടന്റ് കാണുന്ന ആളല്ല. കുഞ്ഞുങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കണം എന്നാണ് എന്റെ അഭിപ്രായം'', മീര അനിൽ അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക