''100 രൂപ ഒരാൾക്ക് കൊടുക്കണമെങ്കിൽ രണ്ട് തവണ ആലോചിക്കും''.

വർഷങ്ങളായി ടെലിവിഷൻ രംഗത്ത് നിറഞ്ഞുനിൽക്കുന്ന അവതാരകയാണ് മീര അനിൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സ്ത്രീ എന്ന ടെലിവിഷൻ പരിപാടിയിലൂടെയായിരുന്നു മീരയുടെ കരിയറിന് തുടക്കം. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മീര മലയാളികൾക്ക് പരിചിതമായ മുഖമായി മാറി. ബിസിനസുകാരനായ വിഷ്ണുവാണ് താരത്തിന്റെ ഭർത്താവ്. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും റിട്ടയർമെന്റിനെക്കുറിച്ചുമൊക്കെ പുതിയ അഭിമുഖത്തിൽ ഇരുവരും സംസാരിക്കുന്നുണ്ട്.

''ഞാനും വിഷ്ണുവും 34 വയസിൽ റിട്ടയേർഡ് ആയി. അത് പറയാൻ ഞങ്ങൾക്കൊരു മടിയുമില്ല. ഞാൻ 30 വയസിൽ റിട്ടയർ ചെയ്യണമെന്ന് ആഗ്രഹിച്ചയാളാണ്. ഇപ്പോൾ എനിക്ക് ചോയ്സുണ്ട്, ഏത് ഇവന്റ് ചെയ്യണം. ഈ ഷോ വിടണോ എന്നൊക്കെ. വേണമെങ്കിൽ മാത്രമേ ചെയ്യൂ. എല്ലാ വർഷവും രണ്ട് മാസം ഞങ്ങൾ വിദേശത്ത് പോകുന്നവരാണ്. ഞങ്ങൾക്ക് വേറെ ബിസിനസും കാര്യങ്ങളുമുണ്ട്. എല്ലാവരും 20 തൊട്ട് 30 വരെ ആഘോഷിച്ചപ്പോൾ എനിക്കാ സമയം കിട്ടിയിട്ടില്ല. 17-ാമത്തെ വയസിലാണ് കോമഡി സ്റ്റാർസിൽ അവതാരകയായി എത്തിയത്. 14 വർഷം കോമഡി സ്റ്റാർസ് മുന്നോട്ട് പോയി. 31 വയസ് വരെ ആ യാത്രയായിരുന്നു. 20 തൊട്ട് 30 വരെ ജോലി ചെയ്താൽ 30 തൊട്ട് ജീവിതാവസാനം വരെ നിങ്ങൾക്ക് ആഘോഷിക്കാൻ പറ്റും.

പെെസ അധികം ചെലവാക്കുന്ന ആളല്ല ഞാൻ. 100 രൂപ ഒരാൾക്ക് കൊടുക്കണമെങ്കിൽ രണ്ട് തവണ ആലോചിക്കും. ഞാനും വിഷ്ണുവും മിഡിൽ ക്ലാസ് കുടുംബത്തിൽ വളർന്നവരാണ്. ഓഫറുള്ളപ്പോഴാണ് ഞാൻ റിലയൻസിൽ ചെന്ന് സാധനങ്ങൾ വാങ്ങുന്നത്. ഇപ്പോഴും ഞാൻ ബിൽ നോക്കും. ഒരിക്കൽ ഞങ്ങൾ സൂപ്പർമാർക്കറ്റിൽ പോയി മുന്തിരി വാങ്ങി. കാറിൽ കയറാൻ നേരം പാക്കറ്റിൽ ഒരു കിലോ മുന്തിരി തന്നെയുണ്ടോ എന്ന് സംശയം തോന്നി. വിഷ്ണുവിനോട് പറഞ്ഞപ്പോൾ ഉടനെ തിരിച്ച് പോയി. നോക്കുമ്പോൾ 700 ഗ്രാമേ ഉണ്ടായിരുന്നുള്ളൂ. 300 ഗ്രാം കൂടെ ഇട്ട ശേഷമാണ് വിഷ്ണുവിനെ അവിടെ നിന്നും ഞാനിറക്കിയത്'', മീര അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക