തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‍ത ചിത്രം ഇന്നാണ് തിയറ്ററുകളില്‍ എത്തിയത്

സമീപകാലത്ത് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച പോസിറ്റീവ് അഭിപ്രായങ്ങളുമായി തിയറ്ററുകളില്‍ കുതിപ്പ് തുടങ്ങിയിരിക്കുകയാണ് തുടരും. ചിത്രത്തിലെ പല കൗതുകങ്ങളില്‍ പ്രേക്ഷകശ്രദ്ധ പതിഞ്ഞ ഒന്നാണ് ചിത്രത്തിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രം. ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതുമുഖം, പ്രകാശ് വര്‍മ്മ എന്ന ടൈറ്റില്‍ ചിത്രത്തിന്‍റെ തുടക്കത്തില്‍ ഉണ്ടായിരുന്നു. ആ പുതുമുഖമാണ് ജോര്‍ജ് സാര്‍ എന്ന, ചിത്രത്തില്‍ ഉടനീളം കൈയടി നേടിയ ആ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ പുതുമുഖമാണെങ്കിലും പിന്നില്‍ അങ്ങനെയല്ല. 

നമ്മള്‍ ടെലിവിഷനില്‍ പലയാവര്‍ത്തി കണ്ട ശ്രദ്ധേയമായ നിരവധി പരസ്യ ചിത്രങ്ങളുടെ സംവിധായകനും ഇന്ത്യയിലെ തന്നെ അതിപ്രശസ്തമായ ഒരു പരസ്യ കമ്പനിയുടെ സ്ഥാപകനുമാണ് പ്രകാശ് വര്‍മ്മ. ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിര്‍വാണ ഫിലിംസ് എന്ന മുന്‍നിര പരസ്യ കമ്പനി ചെയ്ത പല പരസ്യങ്ങളും കാലാകാലങ്ങളില്‍ കാണികളുടെ വലിയ പ്രീതി സമ്പാദിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായിരുന്നു ബോഡഫോണിനുവേണ്ടി ചെയ്ത സൂസു സിരീസും അതിന് മുന്‍പ് ഹച്ചിനുവേണ്ടി ചെയ്ത, നായയെ ഉള്‍പ്പെടുത്തിയുള്ള പരസ്യങ്ങളും. കിറ്റ്കാറ്റ്, കാമെറി, ബിസ്‍ലെരി, ഐഫോണ്‍, ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ് തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ നിരവധി ബ്രാന്‍ഡുകള്‍ക്കുവേണ്ടി പ്രകാശ് വര്‍മ്മ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 16 പ്ലസ് കാറ്റഗറിയിലുള്ള യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 166 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 46 മിനിറ്റും. 

ALSO READ : 'ഉദ്‍ഘാടനങ്ങള്‍ക്ക് വന്‍ തുക'? കമന്‍റുകള്‍ക്ക് മറുപടിയുമായി പ്രേക്ഷകരുടെ 'അപ്പു'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം