വിജയ് നായകനാവുന്ന 'ജനനായകന്‍' എന്ന ചിത്രം റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സെന്‍സര്‍ പ്രതിസന്ധിയില്‍
റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിജയ് ചിത്രം ജനനായകന്‍റെ സെന്‍സര്‍ പ്രതിസന്ധി നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷത്തെക്കുറിച്ച് സൂചിപ്പിച്ച് അവരുടെ അഭിഭാഷകര്‍. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ചിത്രത്തിനായി 500 കോടിയോളമാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും 5000 തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടേണ്ട ചിത്രമാണിതെന്നും നിര്‍മ്മാതാക്കളെ പ്രതിനിധീകരിക്കുന്ന സീനിയര്‍ കൗണ്‍സല്‍ സതീഷ് പരാശരന്‍ കോടതിയെ അറിയിച്ചു. നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം, മാനസിക സംഘര്‍ഷം, വിശ്വാസ്യതാ നഷ്ടം എന്നിവയുടെ കാര്യത്തില്‍ നികത്താനാവാത്ത ഹാനിയാണ് സിബിഎഫ്സിയുടെ നടപടി സൃഷ്ടിച്ചിരിക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ചോദ്യങ്ങള്‍, പരാതി
അണിയറക്കാരും സിബിഎഫ്സി എക്സാമിനിംഗ് കമ്മിറ്റിയും മാത്രം കണ്ടിട്ടുള്ള സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പരാതി നല്‍കിയിരിക്കുന്ന വ്യക്തി ആരാണെന്ന കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും നിര്‍മ്മാതാക്കള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് ഭാവിയിലും സിനിമകളുടെ സെന്‍സറിംഗ് വിഷയത്തില്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും. “ഡിസംബര്‍ 15 ന് എല്ലാ ജോലികളും തീര്‍ന്ന ചിത്രം സെന്‍സര്‍ ചെയ്യാനായി സിബിഎഫ്സിക്ക് മുന്നില്‍ സമര്‍പ്പിച്ചത് ഡിസംബര്‍ 18 ന് ആണ്. ചില കട്ടുകളും മാറ്റങ്ങളും വരുത്തിയാല്‍ ചിത്രത്തിന് യു/ എ 16 + സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് എക്സാമിനിംഗ് കമ്മിറ്റി അറിയിച്ചതിനെത്തുടര്‍ന്ന് ആ മാറ്റങ്ങള്‍ വരുത്തി ഡിസംബര്‍ 24 ന് ചിത്രം വീണ്ടും സമര്‍പ്പിച്ചു. എന്നാല്‍ 10 ദിവസത്തോളം സിബിഎഫ്സിയില്‍ നിന്ന് പ്രതികരണങ്ങളൊന്നും എത്തിയില്ല”. ജനുവരി 9 ന് റിലീസ് ചെയ്യേണ്ട ചിത്രമാണെന്ന് തന്‍റെ കക്ഷി പലകുറി ബോര്‍ഡിനെ ഓര്‍മ്മിപ്പിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
റിവൈസിംഗ് കമ്മിറ്റിയിലേക്ക്
“ജനുവരി 5 നാണ് സിബിഎഫ്സി ചെന്നൈ റീജിയണല്‍ ഓഫീസില്‍ നിന്ന് ഒരു പ്രതികരണം വരുന്നത്. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്. മതവികാരത്തെ വൃണപ്പെടുത്തുന്നതും സൈന്യത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നതുമായ ചില രംഗങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു പരാതി ലഭിച്ചതാണ് കാരണമെന്നാണ് അവര്‍ അറിയിച്ചത്”. പരാതിപ്പെട്ടത് ആരെന്ന കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും നിര്‍മ്മാതാക്കള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
വിജയ്‍യുടെ അവസാന ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെ വരുന്ന ചിത്രമാണ് ജനനായകന്‍. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ വിപണി സാധ്യതയില്‍ നിര്‍മ്മാതാക്കള്‍ക്ക് മാത്രമല്ല, തമിഴ് സിനിമാലോകത്തിന് ആകെ ആവേശമുണ്ടായിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് നാളെ എത്തുന്ന തീരുമാനത്തിനായുള്ള കാത്തിരിപ്പിലാണ് നിര്‍മ്മാതാക്കള്‍.



