കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ മരണത്തില്‍ ഉലഞ്ഞുപോയ കുടുംബത്തെ തേടിയെത്തിയ ആശ്വാസവാര്‍ത്തയായിരുന്നു സര്‍ജ കുടുംബത്തിലേക്ക് ഇക്കഴിഞ്ഞ 22ന് എത്തിയ നവാതിഥി. ചിരഞ്ജീവിക്കും മേഘ്നയ്ക്കുമായി പിറന്ന ആണ്‍കുഞ്ഞിന്‍റെ ചിത്രങ്ങളും ഇതു സംബന്ധിച്ച വാര്‍ത്തകളുമെല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ കുടുംബത്തിലേക്ക് എത്തിയിരിക്കുന്ന പുതിയ അതിഥി തങ്ങളെ എത്രത്തോളം ആനന്ദിപ്പിക്കുന്നുവെന്ന് പറയുകയാണ് കുഞ്ഞിന്‍റെ മുത്തച്ഛനും മേഘ്നയുടെ അച്ഛനുമായ സുന്ദര്‍ രാജ്. കുട്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് മേഘ്നയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന് ഇട്ടിരിക്കുന്ന ചെല്ലപ്പേരിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരോട് സുന്ദര്‍രാജ് പറഞ്ഞു.

"ചിന്തു എന്നാണ് ഞാനവനെ വിളിക്കുന്നത്. ചിരുവിന്‍റെ മകന്‍ ചിന്തു. ഞങ്ങളുടെ ചിന്തകളെ, ദു:ഖങ്ങളെ ഒക്കെ മാറ്റാനായി എത്തിയിരിക്കുന്നവനാണ് അവന്‍. അതിനാലാണ് ചിന്തു എന്ന് വിളിക്കുന്നത്. അവന്‍റെ വരവില്‍ ഏറെ സന്തുഷ്ടരാണ് കുടുംബം. ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസം കൂട്ടിയിരിക്കുകയാണ് ചെറുമകന്‍റെ പിറവി. ഓരോ തവണയും അവനെ നോക്കുമ്പോള്‍ ചിരുവിന്‍റെ സാന്നിധ്യമാണ് അനുഭവപ്പെടുന്നത്", ചെറുമകന്‍റെ പേരിടല്‍ ചടങ്ങ് ആഘോഷമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സുന്ദര്‍രാജ് പറഞ്ഞു.

 

"എല്ലാ ആചാരങ്ങളോടെയും പരമ്പരാഗതമായ രീതിയില്‍ ഞങ്ങളുടെ ചെറുമകന്‍റെ പേര് പ്രഖ്യാപിക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്", സുന്ദര്‍ രാജ് പറയുന്നു. കഠിനമായ അനുഭവങ്ങളിലും വീഴാതെ നിന്ന മകള്‍ മേഘ്നയെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും സുന്ദര്‍രാജ് പറയുന്നു. "അവളാണ് ഞങ്ങളുടെ കുടുംബത്തിന്‍റെ യഥാര്‍ഥ കരുത്ത്", സുന്ദര്‍രാജ് പറഞ്ഞവസാനിപ്പിക്കുന്നു.