ജനുവരി 14ന് തിയറ്ററുകളിലെത്തിയ ചിത്രം

ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്‍ത മേപ്പടിയാന് ഒടിടി റിലീസ്. ആമസോണ്‍ പ്രൈം വീഡിയോയാണ് (Amazon Prime Video) ചിത്രത്തിന്‍റെ ഒടിടി അവകാശം നേടിയിരിക്കുന്നത്. സ്ട്രീമിംഗ് തീയതി വൈകാതെ പ്രഖ്യാപിക്കും. 

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മാണം നിര്‍വ്വഹിച്ച ചിത്രമാണ് മേപ്പടിയാന്‍. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണിയെ കുടുംബനായകനായി അവതരിപ്പിക്കുകയായിരുന്നു സംവിധായകന്‍. ജനുവരി 14ന് തിയറ്ററുകളിലെത്തിയ ചിത്രം കൊവിഡ് പശ്ചാത്തലത്തിലും മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടിയത്. അഞ്ജു കുര്യന്‍ നായികയായ ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നീല്‍ ഡി കുഞ്ഞയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ചിത്രത്തിന് തിയറ്റര്‍ ഷെയറായി മാത്രം 2.4 കോടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സാറ്റലൈറ്റ് റൈറ്റ് ഇനത്തില്‍ 2.5 കോടിയും ഒടിടിടി റൈറ്റ് വിറ്റ വകയില്‍ 1.5 കോടിയും ചിത്രം നേടിയെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.