ഫിലിം ഡിവിഷന്‍, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍, നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ എന്നി വിഭാഗങ്ങളെയാണ് എൻഎഫ്ഡിസിയില്‍ ലയിപ്പിച്ചത്

ദില്ലി: സ‍ർക്കാരിന് കീഴിലുള്ള സിനിമയുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി ലയിപ്പിച്ച് കേന്ദ്ര സർക്കാ‍ർ ഉത്തരവിറക്കി. ഫിലിം ഡിവിഷന്‍, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍, നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ എന്നി വിഭാഗങ്ങളെയാണ് എൻഎഫ്ഡിസിയില്‍ ലയിപ്പിച്ചത്. പ്രവര്‍ത്തനം സുഗമമാക്കുന്നതിനായാണ് നടപടിയെന്ന് കേന്ദ്രസ‍ർക്കാര്‍ വ്യക്തമാക്കി. പുതിയ തീരുമാനത്തോടെ ഗോവ ഫിലം ഫിലിംഫെസ്റ്റുകളുടെ അടക്കം നടത്തിപ്പ് ഇനി എന്‍ഫ്ഡിസിക്കായിരിക്കും. ജീവനക്കാരുടെ ക്രമീകരണങ്ങളില്‍ മാറ്റമുണ്ടായിരിക്കില്ല. 2026 വരെ 1304 കോടി രൂപയും എൻഎഫ്ഡിസിയുടെ പ്രവര്‍ത്തനത്തിനായി സർക്കാര്‍ അനുവദിച്ചിട്ടുണ്ട്.

Scroll to load tweet…

ഫീച്ചർ ഫിലിമുകളുടെ നിർമ്മാണം നേരത്തെ തന്നെ എൻഎഫ്ഡിസിയാണ് നടത്തിവരുന്നത്. ഫീച്ചർ ഫിലിമുകൾ, ഡോക്യുമെന്ററികൾ, കുട്ടികളുടെ സിനിമകൾ, ആനിമേഷൻ സിനിമകൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള സിനിമകളുടെ നിർമ്മാണത്തിന് പുതിയ തീരുമാനം ശക്തമായ പ്രചോദനം നൽകുമെന്നാണ് മന്ത്രാലയം പറയുന്നത്. വിവിധ അന്താരാഷ്‌ട്ര മേളകളിൽ പങ്കെടുക്കുന്നതിലൂടെയും വിവിധ ആഭ്യന്തര മേളകൾ സംഘടിപ്പിക്കുന്നതിലൂടെയും സിനിമകളുടെ പ്രമോഷൻ, ഫിലിം ഉള്ളടക്കത്തിന്‍റെ സംരക്ഷണം, ഡിജിറ്റലൈസേഷൻ, ഫിലിമുകളുടെ പുനഃസ്ഥാപനംസ ഒപ്പം വിതരണവും ജനസമ്പർക്ക പ്രവർത്തനങ്ങളുമെല്ലാം കൂടുതൽ മികച്ച നിലയിലാകുമെന്നും മന്ത്രാലയം കരുതുന്നു. പുതിയ ഉത്തരവിലൂടെ, നേരത്തെ ഫിലിംസ് ഡിവിഷൻ നടത്തിയിരുന്ന ഡോക്യുമെന്ററികളുടെ നിർമ്മാണ ചുമതല പൂർണ്ണമായും എൻഎഫ്ഡിസിക്കാകും.

Scroll to load tweet…

ഡയറക്‌ടറേറ്റ് ഓഫ് ഫിലിംസ് ഫെസ്റ്റിവലിന്‍റെ ചുമതലയിലായിരുന്നു ഫിലിം ഫെസ്റ്റിവലുകളുടെ സംഘാടനം ഇതുവരെ ഉണ്ടായിരുന്നത്. ഇതാണ് ഇന്ന് എൻ എഫ് ഡി സിക്ക് കൈമാറിയത്. ഇത് വ്യത്യസ്ത ദേശീയ അന്തർദേശീയ ചലച്ചിത്രമേളകളുടെ സംഘാടനം ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിലൂടെ രാജ്യത്തെ വിവിധ ദേശീയ അന്തർദേശീയ ചലച്ചിത്രമേളകൾ കൂടുതൽ സമന്വയത്തോടെയും ആകർഷണീയതയോടെയും നടത്താനാകുമെന്നാണ് മന്ത്രാലയം കരുതുന്നത്. മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ എന്നിവയാണ് എൻഎഫ്ഡിസി നേരിട്ട് സംഘടിപ്പിക്കാൻ പോകുന്ന പ്രധാന ചലച്ചിത്രമേളകൾ.

നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയാണ് സിനിമകളുടെ സംരക്ഷണം ഇതുവരെ നടത്തിവന്നിരുന്നത്. ഇതാണ് ഇന്ന് എൻഎഫ്ഡിസിക്ക് കൈമാറിയത്. സിനിമകളുടെയും ഡോക്യുമെന്ററികളുടെയും ഡിജിറ്റലൈസേഷനും പുനരുദ്ധാരണവും ലക്ഷ്യമിടുന്ന ദേശീയ ചലച്ചിത്ര പൈതൃക മിഷൻ ഇനി എൻ എഫ് ഡി സി നടപ്പിലാക്കും.

എൻ എഫ് ഡി സിയുടെ പ്രവ‍ർത്തനത്തിനും ചലച്ചിത്ര മേഖലയുടെ വികസനത്തിനുമായി 2026 വരെ 1304.52 കോടി രൂപ വകയിരുത്തിയതായും അറിയിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയിലൂടെ ലഭിക്കുന്ന വരുമാനം എൻ എഫ് ഡി സിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അവ‍ർക്ക് തന്നെ വിനിയോഗിക്കാം. നാല് ഫിലിം മീഡിയ യൂണിറ്റുകൾ, അതായത് ഫിലിംസ് ഡിവിഷൻ, ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റ്, നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി എന്നിവ 2020 ഡിസംബറിൽ തന്നെ ലയിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് പുതിയ ഉത്തരവുകൾ വഴിയുള്ള ലയനം. 'ഫിലിംസ് ഡിവിഷൻ' എന്ന ബ്രാൻഡ് നാമം നിലനിർത്തിയിട്ടുണ്ട്. എൻ എഫ് ഡി സിയുടെ ആസ്തികളുടെ ഉടമസ്ഥാവകാശം ഇന്ത്യാ ഗവൺമെന്‍റിൽ തന്നെ തുടരും. വിദേശ രാജ്യങ്ങളുമായുള്ള ഓഡിയോ-വിഷ്വൽ കോ-പ്രൊഡക്ഷൻസിനും ഇന്ത്യയിൽ വിദേശ സിനിമകളുടെ ഷൂട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക പ്രോത്സാഹനം നൽകുമെന്നും ഉത്തരവിലുണ്ട്.