2017 ല്‍ പുറത്തെത്തിയ ചിത്രം
മലയാളത്തിലെ റീ റിലീസുകളില്‍ ഛോട്ടാ മുംബൈ പോലെ തിയറ്ററുകളില്‍ ഓളമുണ്ടാക്കിയ മറ്റൊരു ചിത്രമില്ല. ചിത്രത്തിലെ ഗാന, നൃത്ത രംഗങ്ങള്‍ക്കൊപ്പം ചുവട് വച്ചുകൊണ്ടാണ് യുവപ്രേക്ഷകര്‍ റീ റിലീസ് ആഘോഷമാക്കിയത്. ഇതിന്‍റെ വീഡിയോകള്‍ കഴിഞ്ഞ വാരം വരെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരുന്നു. ഇപ്പോഴിതാ ഛോട്ടാ മുംബൈക്ക് പിന്നാലെ മറ്റൊരു റീ റിലീസ് ചിത്രവും തിയറ്ററുകളില്‍ ആഘോഷമാക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍ അതൊരു മലയാള ചിത്രമല്ല, മറിച്ച് തമിഴ് ചിത്രമാണ്.
വിജയ്‍യെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത് 2017 ല്‍ പുറത്തെത്തിയ മെര്‍സല്‍ എന്ന ചിത്രമാണ് എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. റിലീസ് സമയത്ത് മികച്ച വിജയം നേടിയ ചിത്രമാണിത്. റീ റിലീസിലും ചിത്രം നേട്ടം ഉണ്ടാക്കുമെന്നാണ് ആദ്യ ദിനം ലഭിക്കുന്ന സൂചന. കേരളത്തില്‍ തിരുവനന്തപുരം അടക്കമുള്ള സെന്‍ററുകളില്‍ റീ റിലീസിന്‍റെ ആദ്യ ദിനം തിയറ്ററുകളില്‍ ചിത്രം ആഘോഷമാക്കുന്ന പ്രേക്ഷകരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ഗാനരംഗങ്ങള്‍ക്കൊപ്പം ചുവട് വെക്കുന്ന പ്രേക്ഷകരെയും വീഡിയോകളില്‍ കാണാം.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ് ട്രിപ്പിള്‍ റോളുകളിലാണ് എത്തിയത്. എസ് ജെ സൂര്യ, വടിവേലു, നിത്യ മേനന്‍, കാജല്‍ അഗര്‍വാള്‍, സാമന്ത റൂത്ത് പ്രഭു, സത്യരാജ്, ഹരീഷ് പേരടി, കോവൈ സരള, സത്യന്‍, സങ്കിലി മുരുകന്‍, കാളി വെങ്കട്, എം കാമരാജ്, ഭരത് രാജ്, യോഗി ബാബു, രാജേന്ദ്രന്‍, ദേവദര്‍ശിനി തുടങ്ങി വലിയ താരനിര ഉള്ള ചിത്രമാണിത്. തേനണ്ടല്‍ സ്റ്റുഡിയോയുടെ ബാനറില്‍ എന്‍ രാമസാമി, ഹേമ രുക്മണി, എന്‍ മുരളി എന്നിവരായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ ബാനറിന്‍റെ നൂറാമത്തെ ചിത്രവുമായിരുന്നു ഇത്. വിജയ്‍യും ആറ്റ്ലിയും ഒരുമിച്ച രണ്ടാമത്തെ ചിത്രവും.
ജി കെ വിഷ്ണു ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ എഡിറ്റിംഗ് റൂബന്‍ ആയിരുന്നു. സാമ്പത്തിക വിജയം നേടിയ ചിത്രം റിലീസ് സമയത്ത് വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു. മലയാളത്തിനേക്കാള്‍ റീ റിലീസുകള്‍ സംഭവിക്കുന്നത് ഇപ്പോള്‍ തമിഴിലാണ്. ഗില്ലി അടക്കമുള്ള ചിത്രങ്ങള്‍ റീ റിലീസില്‍ നിര്‍മ്മാതാവിന് വലിയ സാമ്പത്തിക നേട്ടവും ഉണ്ടാക്കിക്കൊടുത്തിരുന്നു.

