മിഥുന്‍ മാനുവല്‍ തോമസിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു 'അഞ്ചാം പാതിരാ'. നായകനായെത്തിയ കുഞ്ചാക്കോ ബോബനും ചിത്രം നേട്ടമുണ്ടാക്കി. ത്രില്ലര്‍ വിഭാഗത്തില്‍ മിഥുന്‍ സംവിധാനം ചെയ്‍ത ആദ്യ ചിത്രവുമായിരുന്നു അത്. ചിത്രത്തിന്‍റെ ഹിന്ദി റീമേക്കുമായി താന്‍ ബോളിവുഡ് പ്രവേശനത്തിന് ഒരുങ്ങുന്ന വിവരം സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ മറ്റൊരു ത്രില്ലര്‍ ഒരുക്കാന്‍ പോകുന്ന വിവരം അറിയിച്ചിരിക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസ്.

അഞ്ചാം പാതിരായുടെ സംവിധായകനും നായകനും നിര്‍മ്മാതാവുമാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ മൂവരും ഒരുമിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്‍ത് പുതിയ സിനിമയെക്കുറിച്ച് അറിയിച്ചത്. 'അഞ്ചാം പാതിരാ കഴിഞ്ഞ സ്ഥിതിക്ക്..!!', എന്നു മാത്രമായിരുന്നു ചിത്രത്തിനൊപ്പം മിഥുന്‍ കുറിച്ചത്. എന്നാല്‍ കുഞ്ചാക്കോ ബോബനും നിര്‍മ്മാതാവ് ആഷിക് ഉസ്‍മാനും വിവരം സ്ഥിരീകരിച്ചു. 'അഞ്ചാം പാതിരാ'യ്ക്കു ശേഷം അതേ സംഘത്തിനൊപ്പം ഞങ്ങള്‍ വീണ്ടും എത്തുകയാണ്, മറ്റൊരു ത്രില്ലറിനായി', ഇരുവരും കുറിച്ചു. 

എന്നാല്‍ പ്രോജക്ടിനെക്കുറിച്ച് ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്ത ചില വരികള്‍ വായിച്ച് വരാനിരിക്കുന്ന ചിത്രം 'അഞ്ചാം പാതിരാ'യുടെ രണ്ടാംഭാഗമാണോ എന്ന ചര്‍ച്ചയും സിനിമാപ്രേമികള്‍ക്കിടയില്‍ ആരംഭിച്ചിട്ടുണ്ട്. 'ത്രില്ലര്‍ ബോയ്‍സ്, വീണ്ടും.. മറ്റൊരു ത്രില്ലിംഗ് അനുഭവത്തിനായി ദൈവത്തിന് സമ്മതമാണ്. ഒരുപക്ഷേ ഒടുക്കം എന്നത് ഒരു തുടക്കം മാത്രമായിരിക്കാം', കുഞ്ചാക്കോ ബോബന്‍ കുറിച്ചു. നെറ്റ്ഫ്ളിക്സിന്‍റെ ജര്‍മ്മന്‍ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സിരീസ് ആയ 'ഡാര്‍ക്കി'ലെ  'End is the beginning, Beginning is the end' എന്ന പ്രശസ്ത വാചകം കമന്‍റുകളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

അതേസമയം അഞ്ചാം പാതിരായ്ക്കു ശേഷം മറ്റൊരു ത്രില്ലര്‍ ചിത്രവും കുഞ്ചാക്കോ ബോബന്‍റേതായി പുറത്തുവരാനുണ്ട്. സംസ്ഥാന അവാര്‍ഡ് ജേതാവായ എഡിറ്റര്‍ എപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന 'നിഴല്‍' ആണ് ഈ ചിത്രം. നയന്‍താരയാണ് ഈ ചിത്രത്തിലെ നായിക. 'ലവ് ആക്ഷന്‍ ഡ്രാമ'യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രവുമാണ് ഇത്.