Asianet News MalayalamAsianet News Malayalam

'ഡാ ആദിവാസീ' എന്ന് വിളിച്ച് ആനന്ദം കണ്ടെത്തുന്നവർക്ക് മുഖം അടച്ചുള്ള അടിയാണ് ഉണ്ട; മിഥുൻ മാനുവൽ തോമസ്

 'ഡാ ആദിവാസീ' എന്ന് വിളിച്ച് ആനന്ദം കണ്ടെത്തുന്നവർക്ക് മുഖം അടച്ചുള്ള അടിയാണ് ഉണ്ടയെന്ന് മിഥുൻ മാനുവൽ ഫേസ്ബുക്കിൽ കുറിച്ചു. 

Midhun Manuel Thomas's facebook post about unda
Author
Kochi, First Published Jun 17, 2019, 8:02 PM IST

മമ്മൂട്ടി നായകനായെത്തി മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന 'ഉണ്ട'യെ അഭിനന്ദിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. 'ഡാ ആദിവാസീ' എന്ന് വിളിച്ച് ആനന്ദം കണ്ടെത്തുന്നവർക്ക് മുഖം അടച്ചുള്ള അടിയാണ് ഉണ്ടയെന്ന് മിഥുൻ മാനുവൽ ഫേസ്ബുക്കിൽ കുറിച്ചു. സ്ഥലം വയനാടാണെന്ന് പറയുമ്പോൾ തമാശയാക്കുന്നവർക്കും അത്തരം തമാശകൾ ആസ്വദിക്കുന്നവർക്കുമുള്ള മറുപടിയാണ് ഉണ്ടയെന്നും മിഥുൻ പറഞ്ഞു. ഒപ്പം ഉണ്ടയിലെ മികച്ച അഭിനയത്തിന് മമ്മൂട്ടിയെയും ചിത്രത്തിലെ മറ്റ് അഭിനേയതാക്കളെയും ഇത്തരമൊരു ചിത്രം പ്രേക്ഷകർക്ക് നൽകിയതിന് സംവിധായകനേയും മിഥുൻ അഭിനന്ദിച്ചു.
  
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

“നിങ്ങള് ഇപ്പഴും വള്ളിയിൽ തൂങ്ങിയാ നടക്കുന്നേ..??” കൂടെ ‘ഡാ..ആദിവാസീ’ എന്നൊരു വിളിയും..സ്ഥലം വയനാട് ആണെന്ന് പഠനം കഴിഞ്ഞു പുറം നാടുകളിൽ ജോലിയും മറ്റുമായി എത്തിയ കാലങ്ങളിൽ ഇടയ്ക്കിടെ കേട്ടിരുന്ന കമന്റ് / ഡയലോഗ് . നിരുപദ്രവമെന്നു കരുതി പലപ്പോഴും ചുമ്മാ ചിരിച്ചു തള്ളിയിരുന്നു എങ്കിലും അതങ്ങനെയല്ലാത്ത സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം ക്രൂരമായ തമാശകൾ ആസ്വദിക്കുന്നവർക്കും അവ പറയുന്നതിൽ ആനന്ദം കണ്ടെത്തുന്നവർക്കും ഉള്ള മുഖം അടച്ചുള്ള അടിയാണ് ഉണ്ട.

സ്വന്തം നാട്ടിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ദൈന്യ ഭാവങ്ങളുടെ ചിത്രങ്ങൾ വരച്ചിടുന്ന കാവ്യമാണ് ഉണ്ട. അധികാര കേന്ദ്രങ്ങളുടെ, മനുഷ്യ ജീവന് വിലകല്പിക്കാത്ത ഉദാസീനതകളുടെ, ഗർവുകൾ തകർത്ത് ലക്ഷ്യത്തിൽ കൊള്ളുന്ന വെടിയാണ് ഉണ്ട. മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാകുന്നു ഉണ്ട. ഒപ്പം ഒരു കൂട്ടം പച്ച മനുഷ്യരെ, മമ്മുക്കയോടൊപ്പം സ്‌ക്രീനിൽ അവതരിപ്പിച്ച ഷൈനും ലുക്കുമാനും അടക്കമുള്ളവരുടെ നടനമികവിന്റെ നേർസാക്ഷ്യം ആണ് ഉണ്ട.

മലയാള സിനിമയിലെ കലക്കൻ സംവിധായകരുടെ നിരയിലേക്ക് കസേര വലിച്ചിട്ടു ഖാലിദ് റഹ്‌മാൻ ഇരിക്കുന്ന സുഖമുള്ള ദൃശ്യം കൂടി ഉണ്ട് ഈ ഉണ്ടയുടെ ബോണസ് ആയി. വാൽക്കഷ്ണം: ടാർസനും മൗഗ്ലിയും ഒക്കെ വള്ളിയിൽ തൂങ്ങി നടന്നാണ് സാർ ലോക സാഹിത്യ - ചലച്ചിത്ര ചരിത്രത്തിലെ ഇതിഹാസങ്ങൾ ആയത്.

ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ബോക്സ്ഓഫീസില്‍ വിജയം നേടിയ 'അനുരാഗ കരിക്കിന്‍ വെള്ളം' ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് ഉണ്ട സംവിധാനം ചെയ്തിരിക്കുന്നത്. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.   
 

Follow Us:
Download App:
  • android
  • ios