മലയാളി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ബോളിവുഡില്‍ സിനിമ ചെയ്യാന്‍ ഒരുങ്ങുന്നു. തീയേറ്ററുകളില്‍ വലിയ വിജയം നേടിയ അദ്ദേഹത്തിന്‍റെതന്നെ ചിത്രം 'അഞ്ചാം പാതിരാ'യുടെ റീമേക്ക് ആണ് ഹിന്ദിയില്‍ ഒരുങ്ങുന്നത്. റിലയന്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്, എപി ഇന്‍റര്‍നാഷണല്‍, മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് റീമേക്കിന്‍റെ നിര്‍മ്മാണം. തിരുവോണദിനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.

അഭിനയിക്കുന്ന താരങ്ങളെക്കുറിച്ചോ മറ്റ് സാങ്കേതികപ്രവര്‍ത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇത് തന്‍റെ ബോളിവുഡ് അരങ്ങേറ്റമായിരിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ എത്തുമെന്നും വിവരം പങ്കുവച്ചുകൊണ്ട് മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. 

ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് അഞ്ചാം പാതിരാ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രം മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായാണ് ചെയ്യുന്നത്. ജനുവരി പത്തിനായിരുന്നു തീയേറ്റര്‍ റിലീസ്. ആദ്യദിനം മുതല്‍ വലിയ രീതിയില്‍ മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം വന്‍ വിജയമായി മാറുകയായിരുന്നു. ഷൈജു ഖാലിദ് ആയിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. കുഞ്ചാക്കോ ബോബനൊപ്പം ഷറഫുദ്ദീന്‍, ഉണ്ണിമായ, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.