ഒരു നടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ലെന്നും സിനിമയിൽ പവര്‍ ഗ്രൂപ്പ് ഉണ്ടോയെന്ന അറിയില്ലെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊല്ലം: ഒരു നടനെയും താൻ ഒതുക്കിയിട്ടില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അങ്ങനെ ഒരു പരാതി ഉണ്ടെങ്കിൽ ആ നടൻ ആരാണെന്ന് പറയട്ടെ. ആത്മയുടെ പ്രസിഡൻ്റ് ഞാനാണ്. ഒരു നടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ലെന്നും സിനിമയിൽ പവര്‍ ഗ്രൂപ്പ് ഉണ്ടോയെന്ന അറിയില്ലെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ചിലർ പുരയ്ക്ക് തീ പിടിച്ചപ്പോൾ വാഴ വെട്ടാൻ നടക്കുകയാണ്. തന്നെയും പല സിനിമകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പത്തനാപുരത്ത് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന് നല്ലതാണ്. ആരും ഇത്തരം കാര്യങ്ങളില്‍ തന്നോട് പരാതി പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ടിൽ സര്‍ക്കാര്‍ നല്‍കേണ്ട ശുപാര്‍ശയിൽ സാംസ്കാരിക വകുപ്പ് ഉചിതമായ നടപടിയെടുക്കും. ഷൂട്ടിങ് ലോക്കേഷനില്‍ ബാത്ത് റൂം സൗകര്യമില്ലാത്തതോക്കെ ഉടൻ നടപടിയെടുക്കേണ്ട കാര്യമാണ്. സീനിയറായ നടികളുടെ കാരവൻ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. പ്രൊഡ്യൂസേഴ്സ് സംഘടന ഇത്തരം കാര്യങ്ങള്‍ ആലോചിക്കേണ്ടതാണ്. മൊത്തത്തില്‍ ഉള്ള പഠനമാണ്. അതില്‍ ചില കാര്യങ്ങള്‍ മാത്രം എടുത്ത് ചാടേണ്ട. പണ്ടും ഇതുപോലെയുള്ള കഥകള്‍ കേട്ടിടട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ച് വർഷം പുറത്തുവരാതിരിക്കാൻ കാരണം സിനിമയിലെ പവർ ഗ്രൂപ്പാണെന്ന് സംവിധായകൻ വിനയൻ പ്രതികരിച്ചു. സർക്കാർ കോൺക്ലേവ് നടത്തിപ്പിന് മുന്നിൽ നിൽക്കുന്നത് പവർ ഗ്രൂപ്പ് ആണെങ്കിൽ പ്രതിഷേധിക്കുമെന്നും വിനയൻ പറഞ്ഞു. റിപ്പോർട്ടിൽ സർക്കാർ ഇനി എന്താണ് ചെയ്യുന്നതെന്നാണ് ഉറ്റുനോക്കുന്നതെന്ന് നടൻ ഹരീഷ് പേരടി പ്രതികരിച്ചു. റിപ്പോർട്ട് പുറത്തുവന്നത് ആഹ്ളാദകരമെങ്കിലും സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുമെന്ന് പ്രതീക്ഷയില്ലെന്ന് എഴുത്തുകാരി സാറ ജോസഫും പ്രതികരിച്ചു.