ഈ മാസം 25 മുതലാണ് സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ആയിരിക്കുന്നത്

കൊവിഡ് രണ്ടാംതരംഗത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ (Movie Theatres) തുറക്കുന്നതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളുമായി കൂടിയാലോചന നടത്താന്‍ സാംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ (Saji Cheriyan). തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിനോദ നികുതിയില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; തിയേറ്ററുകള്‍ തുറക്കാൻ തീരുമാനം, വിവാഹത്തിന് 50 പേര്‍ക്ക് വരെ അനുമതി

ഈ മാസം 25 മുതലാണ് സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ആയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗമാണ് ഇതടക്കമുള്ള കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ആറ് മാസത്തിനു ശേഷമാണ് സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കുന്നത്. 50 ശതമാനം സീറ്റുകളിലേക്ക് മാത്രമായിരിക്കും കാണികള്‍ക്ക് പ്രവേശനം. ജീവനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ പൂര്‍ത്തിയായിരിക്കണമെന്ന് നിബന്ധനയുണ്ട്. തിയറ്റര്‍ ഹാളിലെ എസിയും പ്രവര്‍ത്തിപ്പിക്കാം. 

ALSO READ: തിയറ്ററുകള്‍ തുറന്നാലും 'മരക്കാര്‍' ഉടനില്ല; 50 ശതമാനം പ്രവേശനം നഷ്‍ടമുണ്ടാക്കുമെന്ന് ആന്‍റണി പെരുമ്പാവൂര്‍

കൊവിഡ് പശ്ചാത്തലത്തില്‍ 2020 ഫെബ്രുവരി മാസം പൂട്ടിയ തിയറ്ററുകള്‍ ഈ വര്‍ഷം ജനുവരിയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്റര്‍ ആയിരുന്നു ആദ്യ ബിഗ് റിലീസ്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം ഭീതി ഉയര്‍ത്തിയതോടെ ഏതാനും മാസങ്ങള്‍ക്കിപ്പുറം തിയറ്ററുകള്‍ വീണ്ടും അടയ്ക്കേണ്ടിവന്നു. തമിഴ്നാട് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളും തിയറ്ററുകള്‍ നേരത്തേ തുറന്നിരുന്നു.