നെറ്റ്ഫ്ലിക്സിലൂടെ ഉച്ചയ്ക്ക് 1.30നാണ് ചിത്രം എത്തിയത്

'മരക്കാറി'നു ശേഷം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഹൈപ്പ് ലഭിച്ച ചിത്രമാണ് ടൊവീനോ തോമസിനെ (Tovino Thomas) നായകനാക്കി ബേസില്‍ ജോസഫ് (Basil Joseph) ഒരുക്കിയ 'മിന്നല്‍ മുരളി' (Minnal Murali). ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ ചിത്രം പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1:30ന് പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

സമീപകാലത്ത് ഒരു ഇന്ത്യന്‍ ചിത്രത്തിനും നല്‍കാത്ത തരത്തിലുള്ള പ്രീ-റിലീസ് പ്രൊമോഷനാണ് നെറ്റ്ഫ്ലിക്സ് മിന്നല്‍ മുരളിക്ക് നല്‍കിയിരുന്നത്. സൃഷ്‍ടിക്കപ്പെട്ട ഹൈപ്പിനോട് നീതി പുലര്‍ത്തുന്ന ചിത്രം എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ ആദ്യ പ്രതികരണങ്ങള്‍. റിലീസിനു പിന്നാലെ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇതിന്‍റെ കമന്‍റ് ബോക്സിലും സിനിമ ഇതിനകം കണ്ടുകഴിഞ്ഞ പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായങ്ങളാണ്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

നെറ്റ്ഫ്ലിക്സ് പ്രീമിയറിനു മുന്‍പേ ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ വച്ച് നടന്നിരുന്നു. ഈ മാസം 16ന് ആയിരുന്നു പ്രീമയര്‍ പ്രദര്‍ശനം. ജിയോ മാമിയിലെ പ്രദര്‍ശനത്തിനു ശേഷവും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സംവിധായിക അഞ്ജലി മേനോന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രത്തെക്കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങള്‍ പങ്കുവച്ചിരുന്നു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

'ഗോദ'യുടെ വിജയത്തിനു ശേഷം ടൊവീനോ തോമസും ബേസില്‍ ജോസഫും ഒരുമിച്ച ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് എത്തിയിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള സിനിമാവിഭാഗമായ സൂപ്പര്‍ഹീറോ ഗണത്തില്‍ പെടുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെ എത്തുന്നത് ഏറെ ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. അടുത്തിടെ സബ്‍സ്ക്രിപ്‍ഷന്‍ നിരക്കുകള്‍ പുതുക്കിയ നെറ്റ്ഫ്ലിക്സിനെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ട ഒരു റിലീസ് ആണ് മിന്നല്‍ മുരളി.