'ഷിബു'വിന്റെ പ്രണയം ദൃശ്യവത്‍ക്കരിക്കുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. 

'മിന്നല്‍ മുരളി'യെന്ന (Minnal Murali ) ചിത്രം അമ്പരിപ്പിക്കുന്ന വിജയമായിരുന്നു സ്വന്തമാക്കിയത്. നായകൻ ടൊവിനൊ തോമസിന് മാത്രമല്ല പ്രതിനായകനായ ഗുരു സോമസുന്ദരത്തിനും (Guru Somasundaram) 'മിന്നല്‍ മുരളി'യിലൂടെ കിട്ടിയ സ്വീകാര്യത വളരെ വലുതാണ്. കഴിഞ്ഞ വര്‍ഷം അവസാനം റിലീസ് ചെയ്‍ത ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ തുടരുന്നു. 'ഷിബു'വിന്റെ പ്രണയം ദൃശ്യവത്‍ക്കരിക്കുന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

'രാവില്‍' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഗുരു സോമസുന്ദരം ചെയ്‍ത 'ഷിബു' എന്ന കഥാപാത്രത്തിന്റെ പ്രണയമാണ് ഗാനരംഗത്ത്. സുഷിൻ ശ്യാമാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ടൊവിനൊ തോമസിന്റെ നായക കഥാപാത്രത്തോളമോ അതിലധികമോ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു 'മിന്നല്‍ മുരളി'യിലെ 'ഷിബു'വിന്റെ പ്രണയം.

'മിന്നല്‍ മുരളി' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സോഫിയ പോളാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.

നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും സുഷിന്‍ ശ്യാമാണ്. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.

 'തീ മിന്നല്‍', ഇതാ 'മിന്നല്‍ മുരളി'യിലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു


'ഷിബു' എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഗുരു സോമസുന്ദരം പറഞ്ഞിരുന്നു. വണ്‍ സൈഡ് പ്രണയങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ട്. ഞാന്‍ ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്. പക്ഷേ അത് അവര്‍ക്ക് അറിയില്ലായിരുന്നു. ഏഴാം ക്ലാസിലാണ് താൻ ആദ്യത്തെ പ്രണയലേഖനം എഴുതിയത്, കാത്തിരുന്ന് ആള് വന്നപ്പോള്‍ പേടിയായി, ഓടിയെന്നും ഗുരു സോമസുന്ദരം പറയുന്നു.

സൂപ്പര്‍ഹീറോകളുടെ കടുത്ത ആരാധകനാണ് താനെന്നും ഗുരു സോമസുന്ദരം പറഞ്ഞിരുന്നു മധുര ക്ഷേത്രങ്ങളുടെ മാത്രമല്ല ഒരുപാട് തിയറ്ററുകളും ഉള്ള നാടാണ്. ഞാൻ സ്‍കൂളില്‍ പഠിക്കുമ്പോള്‍ 80 തിയറ്ററുകളോളം ഉണ്ടായിരുന്നു. 'ജെയിംസ് ബോണ്ട്' അടക്കമുള്ള സിനിമകള്‍ കണ്ട് പലതരത്തിലുള്ള വില്ലൻമാരെ പരിചയിച്ചിട്ടുണ്ട്. അതില്‍ നിന്ന് എല്ലാം വ്യത്യസ്‍തനായിരുന്നു 'മിന്നല്‍ മുരളി'യിലെ 'ഷിബു'വെന്നും ഗുരു സോമസുന്ദരം പറയുന്നു.

നാട്ടിലെ ഒരു സൂപ്പര്‍ഹീറോയുടെ ചിത്രമെന്ന നിലയിലാണ് 'മിന്നല്‍ മുരളി' വ്യത്യസ്‍തമാകുന്നത് എന്നും ഗുരു സോമസുന്ദരം പറയുന്നു. ഒരു ടീം വര്‍ക്കാണ് ചിത്രത്തില്‍ കാണുന്നത്. സംവിധായകൻ എന്ന നിലയില്‍ ബേസില്‍ ജോസഫിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും തന്റെ മനോധര്‍മം ഉപയോഗിക്കുകയുമാണ് 'ഷിബു'വിനെ അവതരിപ്പിക്കാൻ ചെയ്‍തത്. സാധാരണ തരത്തിലുള്ള വില്ലനല്ല ചിത്രത്തിലേതെന്നും ആള്‍ക്കാര്‍ക്ക് ഇന്ന് ഇഷ്‍ടം തോന്നുന്നുവെന്നും ഗുരു സോമസുന്ദരം പറയുന്നു.