'മിന്നല്‍ മുരളി' ചിത്രത്തിലെ ടൊവിനൊയുടെ ഇൻട്രോ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു.

'മിന്നല്‍ മുരളി'യെന്ന (Minnal Murali) ചിത്രം തീര്‍ത്ത ആവേശം ഇപ്പോഴും അവസാനിച്ചിട്ടില്ല. ടൊവിനൊ തോമസ് ചിത്രം ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയിരിക്കുന്നു. താരങ്ങള്‍ അടക്കമുള്ളവര്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യുന്നു. ഇപ്പോഴിതാ ടൊവിനൊ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

'കുഗ്രാമമേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ടൊവിനൊ തോമസിന്റെ ചിത്രത്തിലെ ഇൻട്രൊഡക്ഷൻ മുതല്‍ മിന്നലേല്‍ക്കുന്നതുവരെയുള്ള രംഗങ്ങളാണ് ഗാനത്തിന് ഉപയോഗിച്ചിരിക്കുന്നത്. സുശിൻ ശ്യാമാണ് ചിത്രത്തിന്റ സംഗീത സംവിധായകൻ. മനു മഞ്‍ജിത് ചിത്രത്തിന്റെ ഗാനരചന നിര്‍വിച്ചിരിക്കുന്നു.

'മിന്നല്‍ മുരളി' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സോഫിയ പോളാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.

നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും സുഷിന്‍ ശ്യാമാണ്. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.