Asianet News MalayalamAsianet News Malayalam

Tovino and Basil : 'ഒരുപാട് നന്ദി'; 'മിന്നല്‍ മുരളി' റിലീസിനു പിന്നാലെ ആദ്യ പ്രതികരണവുമായി ടൊവീനോയും ബേസിലും

നെറ്റ്ഫ്ലിക്സില്‍ ഉച്ചയ്ക്ക് 1.30നാണ് ചിത്രം എത്തിയത്

minnal murali reviews tovino thomas basil thomas reaction social media to film lovers
Author
Thiruvananthapuram, First Published Dec 24, 2021, 7:10 PM IST

'മിന്നല്‍ മുരളി' (Minnal Murali) റിലീസിനു പിന്നാലെ ആദ്യ പ്രതികരണവുമായി ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ ടൊവീനോ തോമസും (Tovino Thomas) സംവിധായകന്‍ ബേസില്‍ ജോസഫും (Basil Joseph). ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്കുള്ള നന്ദി അറിയിച്ചിരിക്കുകയാണ് ഇരുവരും. "എല്ലാവരോടും ഒരുപാട് നന്ദി. തുടക്കം മുതൽ ദേ ഇപ്പൊ വരെ ഞങ്ങളുടെ കൂടെ നിന്നതിന്. ഞങ്ങളുടെ മിന്നൽ മുരളിയെ നമ്മുടെ മിന്നൽ മുരളി ആക്കിയതിന്! ഒരുപാട് നന്ദി അതിലേറെ സ്നേഹം", ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു. 'എല്ലാവര്‍ക്കും നന്ദി' എന്നു മാത്രമാണ് ബേസിലിന്‍റെ കുറിപ്പ്.

ഡയറക്റ്റ് ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസുകളില്‍ പ്രധാനപ്പെട്ട ഇന്ത്യന്‍ എന്‍ട്രിയായാണ് മിന്നല്‍ മുരളി എത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 1.30നായിരുന്നു റിലീസ്. 2 മണിക്കൂര്‍ 39 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ നാലരയോടെ എത്തിത്തുടങ്ങി. സമീപകാലത്ത് മറ്റൊരു ഇന്ത്യന്‍ റിലീസിനും നെറ്റ്ഫ്ലിക്സ് ഇത്രയും പ്രാധാന്യവും ഹൈപ്പും കൊടുത്തിരുന്നില്ല. പ്രീ-റിലീസ് പ്രൊമോഷനുകളിലൂടെ സൃഷ്‍ടിക്കപ്പെട്ട ഹൈപ്പിനോട് നീതി പുലര്‍ത്തുന്ന ചിത്രമെന്നാണ് ട്വിറ്ററിലും ഫേസ്ബുക്കിലുമായി ലഭിക്കുന്ന ആദ്യ പ്രതികരണങ്ങള്‍.

മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണവുമായി എത്തിയിരിക്കുന്ന ചിത്രം ടൊവീനോയുടെയും ബേസിലിന്‍റെയും കരിയറിലെ നാഴികക്കല്ലാണ്. ഗോദ എന്ന വിജയചിത്രത്തിനു ശേഷം ഇരുവരും ഒന്നിച്ച ചിത്രവുമാണിത്. ഗുരു സോമസുന്ദരമാണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിനും അദ്ദേഹത്തിന്‍റെ പ്രകടനത്തിനും സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഈ മാസം 16ന് ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ നടന്നിരുന്നു. സംവിധായിക അഞ്ജലി മേനോന്‍ അടക്കം അവിടെവച്ച് ചിത്രം കണ്ട പ്രമുഖരും മികച്ച അഭിപ്രായങ്ങളാണ് പങ്കുവച്ചിരുന്നത്. 

Follow Us:
Download App:
  • android
  • ios