ദം ജോൺ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് മിഷ്ടി ചക്രവര്‍ത്തി. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികാ വേഷമായിരുന്നു മിഷ്ടിക്ക്. ഇപ്പോഴിതാ താൻ മരിച്ചുവെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. 

വൃക്ക തകരാറിലായതിനെ തുടർന്ന് ബം​ഗാളി നടി മിഷ്തി മുഖർജി മരിച്ചത് വാർത്തയായിരുന്നു. എന്നാൽ മരിച്ചത് നടി മിഷ്ടി ചക്രവർത്തിയാണെന്നായിരുന്നു ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. എന്നാൽ താൻ മരിച്ചിട്ടില്ലെന്നും ഇനിയും ഏറെ നാൾ ജീവിക്കാനുണ്ടെന്നുമാണ് മിഷ്ടി ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. 

"ചില വാർത്തകൾ പ്രകാരം ഞാനിന്ന് മരിച്ചു...ദൈവാനു​ഗ്രഹം കൊണ്ട് ഞാൻ ആരോ​ഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാൾ ജീവിക്കാനുണ്ട്". വ്യാജ വാർത്തകൾക്കെതിരേ മിഷ്ടി കുറിച്ചു. 

ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മിഷ്തി മുഖർജിയുടെ മരണം. കീറ്റോ ഡയറ്റ് ആണ് മിഷ്‍തി മുഖര്‍ജി പിന്തുടര്‍ന്നിരുന്നതെന്നും വൃക്കയുടെ തകരാറിലേക്ക് നയിച്ചത് ഇതാണെന്നും അവരുടെ കുടുംബം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഒരുപാട് വേദനയിലൂടെ മിഷ്‍തിക്ക് കടന്നുപോകേണ്ടിവന്നതായും കുടുംബം പറഞ്ഞു. മേം കൃഷ്ണ ഹൂം, ലെെഫ് കി തോ ല​ഗ് ​ഗയീ എന്ന തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും മിഷ്തി വേഷമിട്ടിട്ടുണ്ട്. 

Read Also: കീറ്റോ ഡയറ്റ് പിന്തുടര്‍ന്ന നടി വൃക്ക തകരാറിനെത്തുടര്‍ന്ന് മരിച്ചു