Asianet News MalayalamAsianet News Malayalam

സംവിധായകനെ പിന്തുടരാനാണ് ആഗ്രഹിക്കുന്നത്; കാരണം വ്യക്തമാക്കി അക്ഷയ് കുമാര്‍


ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായിട്ടാണ് മിഷൻ മംഗള്‍ ഒരുങ്ങുന്നത്.

Mission Mangal actor Akshay Kumar speaks about his preperations
Author
Mumbai, First Published Aug 14, 2019, 12:07 PM IST


അക്ഷയ് കുമാര്‍ നായകനാകുന്ന മിഷൻ മംഗള്‍ നാളെ റിലീസ് ആകുകയാണ്. ജഗൻ ശക്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചും തന്റെ സിനിമ രീതിയെ കുറിച്ചും മനസ് തുറക്കുകയാണ് അക്ഷയ് കുമാര്‍. ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അക്ഷയ് കുമാര്‍ തന്റെ അഭിനയരീതിയെ കുറിച്ച് പറയുന്നത്.

മിക്ക നടൻമാരും സ്വന്തം കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെ കുറിച്ച് പറയുന്നു, പക്ഷേ താങ്കള്‍ എപ്പോഴും സംവിധായകന്റെ നടനായി തുടരുന്നുവെന്ന ചോദ്യത്തിനാണ് അക്ഷയ് കുമാര്‍ മറുപടി പറയുന്നത്. ഓരോ കാര്യത്തെയും സമീപിക്കുന്നതില്‍ ഓരോരുത്തര്‍ക്ക് വ്യത്യസ്‍ത രീതിയുണ്ടാകും. ഓരോ അഭിനേതാവും വ്യത്യസ്‍തമാണ്. എന്റെ ജോലിയുടെ രീതി ഇതാണെന്ന് ഞാൻ കരുതുന്നു. ഒരു കഥാപാത്രത്തില്‍ നിന്ന് എന്താണ് വേണ്ടതെന്ന് ഒരു സംവിധായകന് വ്യത്യസ്‍ത കാഴ്‍ചപ്പാടുണ്ടാകും. എന്റ അനുഭവത്തില്‍ നിന്ന് ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഞാൻ അഭിനയിക്കുന്ന കഥാപാത്രത്തിന് അത് യോജിക്കണമെന്നില്ല. അതുകൊണ്ട് സംവിധായകന്റെ കാഴ്‍ചപ്പാട് പിന്തുടരുന്ന രീതിയാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു- അക്ഷയ് കുമാര്‍ പറയുന്നു.

സംവിധായകൻ ജഗൻ ശക്തി എന്നെ സമീപിച്ചത് മറ്റൊരു തിരക്കഥയുമായാണ്. ഇപ്പോഴും അതില്‍ ഞങ്ങള്‍ വര്‍ക്ക് ചെയ്യുകയാണ്. അദ്ദേഹത്തിന്റെ സഹോദരി ശാസ്ത്രജ്ഞയാണെന്നും ഐഎസ്‍ആര്‍യെക്കുറിച്ചും ചൊവ്വാ ദൗത്യത്തെ കുറിച്ചും സംസാരിച്ചുവെന്ന് എന്നോട് പറയുകയുണ്ടായി. അപ്പോള്‍ എന്തുകൊണ്ട് അക്കഥ ചെയ്‍തുകൂടെ എന്ന് ഞാൻ ചോദിക്കുകയായിരുന്നു. അദ്ദേഹം തിരിച്ചുപോകുകയും കഥ എഴുതുകയും ചെയ്‍തു. 20 ദിവസത്തിന് ശേഷം അദ്ദേഹം മടങ്ങിവന്ന് എന്നോട് തിരക്കഥയെ കുറിച്ച് പറയുകയും ചെയ്‍തു. അത് എനിക്ക് എത്രത്തോളം ഇഷ്‍ടമായെന്നും ഞാൻ പറഞ്ഞു. പിന്നീട് അദ്ദേഹം ആര്‍ ബല്‍കിക്കൊപ്പം തിരക്കഥ എഴുതി പൂര്‍ത്തിയാക്കി, ഇപ്പോള്‍ റിലീസിന് തയ്യാറുകുകയും ചെയ്‍തിരിക്കുന്നു- അക്ഷയ് കുമാര്‍ പറയുന്നു.

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായിട്ടാണ് മിഷൻ മംഗള്‍ ഒരുങ്ങുന്നത്. ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്.  വനിതാ ശാസ്‍ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ചിത്രമെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. സിനിമയിലെ വനിതാ ശാസ്‍ത്രജ്ഞരായി വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍തി എന്നിവര്‍ അഭിനയിക്കുന്നു. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ കഥ പ്രചോദനം നല്‍കുന്നതാണെന്ന് അക്ഷയ് കുമാര്‍ പറയുന്നു. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ഇത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000  കോടി രൂപയോളമാണ്. ഐഎസ്ആര്‍ഒയ്‍ക്ക് ചെലവായത് 450 കോടി രൂപമാണ്.  വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മള്‍ ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാൻ സിനിമ ഏറ്റെടുത്തത്- അക്ഷയ് കുമാര്‍ പറയുന്നു. പ്രൊജക്റ്റില്‍ ഭാഗഭാക്കായ വനിതാ ശാസ്‍ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമുള്ള ആദരവു കൂടിയാണ് ചിത്രമെന്നും അക്ഷയ് കുമാര്‍ പറയുന്നു.

ഐഎസ്ആര്‍ഒയിലെ പതിനേഴോളം ശാസ്‍ത്രജ്ഞരും എഞ്ചിനീയര്‍മാരുമാണ് പ്രൊജക്റ്റ് കൈകാര്യം ചെയ്‍തത്. വനിതാ ശാസ്‍ത്രജ്ഞരുടെ യഥാര്‍ഥ ജീവിത കഥ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും. അവരെ കുറിച്ചുകൂടിയാണ് സിനിമയില്‍ പറയാൻ ശ്രമിക്കുന്നത്. വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, തപ്‍സി, കിര്‍തി, നിത്യാ മേനോൻ എന്നിവരുമായാണ് സിനിമ ചേര്‍ന്നുനില്‍ക്കുന്നത്. ഇത് അവരുടെ സിനിമയാണ്- അക്ഷയ് കുമാര്‍ പറയുന്നു.

സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതാണ്. അതേസമയം സിനിമാരൂപത്തിലേക്ക് വരുമ്പോള്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയിലുണ്ടെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios