ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് മിഷൻ മംഗള്‍. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ ഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അക്ഷയ് കുമാറിനെ സൊനാക്ഷി സിൻഹ കസേരയിൽ നിന്ന് തള്ളിയിടുന്ന വീഡിയോയാണ് വൈറലാവുന്നത്. സിനിമയിലെ താരങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അക്ഷയ് കുമാറിനെ പെട്ടന്ന് സൊനാക്ഷി സിൻഹ കസേരയിൽ നിന്ന് തള്ളുകയായിരുന്നു. പെട്ടെന്നുണ്ടായ വീഴ്ചയില്‍ അക്ഷയ് പേടിക്കുകയും ചെയ്തു. അക്ഷയ് താഴെ വീണതു കണ്ട് പൊട്ടിച്ചിരിച്ച സൊനാക്ഷി എന്നെ ആരെങ്കിലും വെറുപ്പിച്ചാല്‍, ഞാന്‍ ഇതായിരിക്കും ചെയ്യുകയെന്നാണ് പറഞ്ഞത്. ഒട്ടും പ്രതീക്ഷിക്കാതെ സൊനാക്ഷി ഇങ്ങനെ ചെയ്തത് തപ്‌സിയെയും വിദ്യ ബാലനെയും നിത്യയെയും അമ്പരിപ്പിക്കുകയും ചെയ്തു.

ഐസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ ചിത്രത്തിൽ അഭിനയിക്കുന്നത്. ശാസ്‍ത്രജ്ഞരുടെ ടീമിനെ നയിക്കുന്ന കഥാപാത്രമാണ് അക്ഷയ് കുമാറിന്റേത്. സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതാണ്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയിലുണ്ടെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. അക്ഷയ് കുമാറിന് പുറമേ വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍ത്തി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററിലെത്തും.