നേട്ടങ്ങൾ പങ്കുവെച്ച് രമേഷ് പിഷാരടി.

എംഎൽഎ ആയി നൂറ് ദിവസം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കിട്ട് നടൻ കൂടിയായ രമേഷ് പിഷാരടി. മണ്ഡലത്തിൽ നടപ്പിലാക്കിയ പ്രധാന വികസന- ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്. മുൻ എംഎൽഎമാർ തുടങ്ങി വച്ച 70 ഓളം പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയതായും താരം പറയുന്നു.

''പാലക്കാട് നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധി ആയി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് 100 ദിവസം പൂർത്തിയാകുന്നു. ആദ്യ പത്ര സമ്മേളനത്തിൽ പറഞ്ഞത് പോലെ മുൻ MLA മാർ തുടങ്ങി വച്ച 70 ഓളം പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി. മിനി മാസ്‌റ് ലൈറ്റുകൾ,റോഡുകൾ,ഡ്രൈനേജുകൾ,ഉൾപ്പടെ). KSRTC ടൗൺ സർവീസ് ആരംഭിച്ചു. നിയോജകമണ്ഡലത്തിൽപ്പെട്ട വൃക്ക രോഗികൾക്ക് അവൈറ്റിസ് ഹോസ്പിറ്റലുമായി സഹകരിച്ച് 50 പേർക്ക് സൗജന്യമായി വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള പദ്ധതിയായ ''റിവൈവ്'' ആരംഭിച്ചു. നിയോജകമണ്ഡലത്തിലെ SSLC, PLUS TWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ആയിരത്തോളം വരുന്ന വിദ്യാർത്ഥികളെ അനുമോദിച്ചു. നിയോജക മണ്ഡലത്തിലെ കേൾവി സംബന്ധമായ പ്രശ്‌നമുള്ള 9 പേർക്ക് അസെന്റ് ഹോസ്പിറ്റലുമായി സഹകരിച്ച് ഹിയറിങ് എയ്ഡ് നൽകി. KSRTC ൽ പുതിയ ഇന്റർ സ്റ്റേറ്റ് സർവീസുകൾ ആരംഭിക്കുന്നതിനുള്ള കത്ത് നൽകി. അത്യാധുനിക സൗകര്യങ്ങളോടുകൂടി 5 കോടി രൂപ ചെലവിൽ കണ്ണാടിയിൽ നിർമ്മിക്കുന്ന പുതിയ ഓഡിറ്റോറിയത്തിന് സർക്കാരിൽ നിന്ന് ഭരണാനുമതി നേടിയെടുത്തു. വടക്കന്തറ ഡോ. നായർ സ്‌കൂളിൽ പുതിയ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി. ബഹു. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ സാറിനെ ഉൾപ്പെടുത്തിക്കൊണ്ട് പാലക്കാട് ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വേണ്ട പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിനും വേണ്ടി യോഗം ചേർന്നു. ബഹു:മന്ത്രി ശ്രീമതി കെ എ തുളസി ടീച്ചറിന്റെയും ബഹു:എംപി ശ്രീ വി കെ ശ്രീകണ്ഠന്റെയുംനേതൃത്വത്തിൽ പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുന്നതിലേക്കുള്ള പ്രവർത്തനങ്ങളിൽ പങ്കാളി ആയി. പാലക്കാട് നെൽക്കർഷകർക്ക് സംഭരിച്ച നെല്ലിന്റെ തുക ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രിയുമായും ഇടപെടലുകൾ നടത്തുകയും കത്ത് നൽകുകയും ചെയ്തു. ബജറ്റിൽ പാലക്കാട് നിയോജകമണ്ഡലത്തിന് മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പദ്ധതികളും തുകയും അനുവദിപ്പിച്ചു. മണ്ഡലത്തിൽ സാങ്കേതിക കാരണങ്ങളാൽ മുടങ്ങി കിടക്കുന്ന പദ്ധതികൾ കുരുക്കഴിച്ചു മുന്നിലേക്ക് കൊണ്ട് പോകുവാനുള്ള ശ്രമം തുടരും. പ്രഖ്യാപിച്ച പുതിയ പദ്ധതികൾ നടപ്പാക്കും. ജനോപകരപ്രദമായ പുതിയ കാര്യങ്ങൾ വ്യക്തിപരമായി ഏകോപിക്കുകയും കൊണ്ടുവരികയും ചെയുന്ന പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുംനമ്മൾ ഒന്നിച്ച് മുന്നിലേക്ക്... '', എന്നാണ് രമേഷ് പിഷാരടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.