മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ നടിമാരായ ദീപികാ പദുകോണിന്റെയും സാറാ അലി ഖാന്റെയും രാകുല്‍ പ്രീതിന്റെയും മൊബൈല്‍ ഫോണ്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തു. അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ ഫോണ്‍ പിടിച്ചെടുത്തത്. ഇവരുടെ ഫോണില്‍ നിന്ന് കേസുമായി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന നിഗമനത്തിലാണ് ഫോണ്‍ പിടിച്ചെടുത്തത്. 

ലഹരി മരുന്ന് കേസില്‍ നടി ദീപികാ പദുകോണിനെ അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. ശ്രദ്ധാ കപൂറിനെയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നുണ്ട്. നടിമാര്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സൂചന കിട്ടിയ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ദീപികയെ എന്‍സിബി പ്രത്യേക അന്വേഷണ സംഘവും മറ്റുള്ളവരെ മുംബൈയിലെ ഉദ്യോഗസ്ഥരുമാണ് ചോദ്യം ചെയ്തത്.

2017 ഒക്ടോബറില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റില്‍ ദീപികയ്ക്ക് മറുപടി നല്‍കിയ ടാലന്റ് മാനേജര്‍ കരിഷ്മ പ്രകാശിനെയും ചോദ്യം ചെയ്യുന്നുണ്ട്. മറ്റൊരു ടാലന്റ് മാനേജരായ ജയ സഹയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളാണ് ശ്രദ്ധ കപൂറിനെതിരായ തെളിവുകള്‍. കേദാര്‍നാഥ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ സുശാന്തുമൊത്ത് സാറ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി റിയാ ചക്രബര്‍ത്തി മൊഴി നല്‍കിയിരുന്നു.