സംപ്രേഷണം ആരംഭിച്ച് ചുരുങ്ങിയ ഭാഗഭങ്ങള്‍ കൊണ്ടുതന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് മൊഹബത്ത്. അമന്‍- റോഷ്‌നി എന്നിവരുടെ പ്രണയത്തിലൂടെയും ദാമ്പത്യജീവിതത്തിലെ നിറപ്പകിട്ടും, കല്ലുകടികളും ഒപ്പിയെടുത്താണ് പരമ്പര മുന്നേറുന്നത്. എന്നാല്‍ പരമ്പരയുടെ പ്രധാന ആകര്‍ഷണം  കഥാഗതിതന്നെ നാടോടികഥയിലൂന്നിയാണെന്നതാണ്. അമന്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ പണക്കാരനാണ്. അതിനുകാരണമായത് അമന്റെ ഉപ്പ ജിന്നിനെ പ്രീതിപ്പെടുത്തിയെന്നതാണ്. എന്നാല്‍ ഒരു ജിന്നും പ്രത്യുപകാരമില്ലാതെ ഒന്നും ചെയ്യാറില്ലല്ലോ. ജിന്ന് അമന്റെ ഉപ്പയോട് പ്രത്യുപകാരമായി ആവശ്യപ്പെട്ടത് അമനെത്തന്നെയായിരുന്നു. അതില്‍പ്പിന്നെ ചാന്ദ്രദിനങ്ങളില്‍ അമന്‍ ജിന്നിന്റെ പ്രതിപുരുഷനായി മാറുന്നു.

അമന്റെ വിവാഹം റോഷ്‌നിയുമായി നടന്നത് അമന്റെ ഉമ്മയ്ക്ക്  ഇഷ്ടപ്പെട്ടായിരുന്നില്ല. അതുകൊണ്ടുതന്നെ റോഷ്‌നിയെ വീട്ടില്‍നിന്നു പുറത്താക്കാനാണ് ഉമ്മ ശ്രമിക്കുന്നത്. അമന്റെ സഹോദരി സൈമയുടെ നിക്കാഹിന്റെ ഒരുക്കങ്ങളാണ് വീട്ടില്‍ നടക്കുന്നത്. എന്നാല്‍ സൈമയെ വിവാഹം ചെയ്യാന്‍ പോകുന്നയാളുടെ സഹോദരീഭര്‍ത്താവാണ് സമീര്‍ എന്ന് അമനും റോഷ്‍നിയും ഞെട്ടലോടെയാണ് അറിയുന്നത്. റോഷ്‍നി സമീറിനെ ഒരുകാലത്ത് പ്രണയിച്ചിരുന്നുവെന്നാണ് അമന്‍ കരുതുന്നത്. അങ്ങനെതന്നെയാണ് സമീര്‍ അമനോട് പറയുന്നതും. ഇത്തരത്തിലുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യരുതെന്നും, അവരെ എല്ലാവര്‍ക്കും ആസ്വദിക്കാനുള്ളതാണ് എന്നെല്ലാം സമീര്‍ അമനോട് പറയുന്നുണ്ട്. റോഷ്‍നിയുമായി ഒരു അവിഹിത ബന്ധം പുലര്‍ത്താനും, അമനുമായുള്ള റോഷ്‍നിയുടെ ദാമ്പത്യം തകര്‍ക്കാനുമാണ് സമീര്‍ ശ്രമിക്കുന്നത്.

സൈമയുടെ വിവാഹം മുടക്കാനായി സമീര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പുതിയ ഭാഗത്ത് സൈമയുടെ വിവാഹദിവസം നടക്കുമ്പോഴുള്ള പ്രശ്‌നങ്ങളാണുള്ളത്. സൈമയും അല്‍ത്താഫും വിവാഹത്തിന് മുന്നേതന്നെ ഒന്നിച്ചുള്ള വീഡിയോ എല്ലാവരിലേക്കും എത്തിക്കുമന്നും, അല്ലെങ്കില്‍ അഞ്ച് കോടി രൂപ വേണമെന്നും സമീര്‍ ആള്‍മാറാട്ടം നടത്തി ആവശ്യപ്പെടുന്നു. അതിന്റെ ഭാഗമായി സൈമ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നും മറ്റുമുണ്ട്. എന്നാല്‍ വിവാഹസമയത്ത് അമന്‍ റോഷ്‌നിക്ക് നല്‍കിയ ബ്ലാങ്ക് ചെക്കില്‍ അഞ്ച് കോടി രൂപ എഴുതി റോഷ്‌നി സൈമയെ രക്ഷിക്കുന്നു.

അങ്ങനെ പ്രശ്‌നങ്ങളൊന്നുമില്ല എന്നുകരുതുന്ന സമയത്താണ് റോഷ്‌നി തന്റെ ഭര്‍ത്താവിനെ വളയ്ക്കാന്‍ നോക്കിയെന്നും, ഇത്തരത്തിലുള്ള മരുമകള്‍ ഉള്ള വീട്ടില്‍നിന്ന് പെണ്ണിനെ ഞങ്ങള്‍ക്കുവേണ്ടെന്നും സമീറിന്റെ ഭാര്യ പറയുന്നത്. എന്നാല്‍ സത്യങ്ങളറിയുന്ന സൈമയും മറ്റും ഒന്നും പറയാന്‍ കഴിയാതെ നില്‍ക്കുകയുമാണ്. അപ്പോള്‍ എല്ലാ കുറ്റങ്ങളും റോഷ്‌നിതന്നെ ഏറ്റെടുക്കുന്നു. താനാണ് ഇത് ചെയ്‍തതെന്നും, അമന്‍ തന്നെ ഒരുമാസത്തിനുശേഷം ബന്ധം വേര്‍പെടുത്തിയാലും തനിക്ക് ജീവിക്കണ്ടേയെന്നും റോഷ്‌നി ചോദിക്കുന്നുണ്ട്. തന്റെ ഹൃദയം തകരുന്ന നുണ റോഷ്‌നി പറയുന്നത് സൈമയെ രക്ഷിക്കാനാണ്.  എല്ലാം റോഷ്‌നിയും സമീറിന്റെ ഭാര്യയും പറയുന്നതാണ് ശരിയെന്നുകരുതി അമന്‍ റോഷ്‌നിയെ ഉപേക്ഷിക്കാന്‍ പോകുന്നതാണ് കഥാഗതി.

അമനും റോഷ്‌നിയും തമ്മില്‍ അകലുന്നത് കാണാന്‍ ആരും ഇഷ്‍ടപ്പെടുന്നില്ലായെന്നതാണ് സത്യം. എന്നാല്‍ സത്യം എങ്ങനെയാണ് പുറത്താവുകയെന്നതാണ് ആകാംക്ഷ. ചുവന്ന ചാന്ദ്രദിനം അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ അമനും റോഷ്‌നിയെ അത്യാവശ്യമായി വരികയാണ്. എന്താകും കഥാഗതി എന്നറിയാന്‍ വരും ദിവസങ്ങള്‍ക്കായി കാത്തിരിക്കാം.