21 ന് തിയറ്ററുകളില്‍
ഈ വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന തന്‍റെ പുതിയ ചിത്രം മോണ്‍സ്റ്ററിലെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് മോഹന്‍ലാല്‍. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയാണെന്നും ഏറെ വ്യത്യസ്‍തമായാണ് അത് ചെയ്‍തിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. ആസ്വാദകര്‍ക്ക് വളരെയധികം ഇഷ്ടപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും.
മോഹന്‍ലാലിന്‍റെ വാക്കുകള്‍
"ഈ സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒന്നും നമ്മള്‍ ഇതുവരെ പുറത്തു കാണിച്ചിട്ടില്ല. ട്രെയ്‍ലറിലൊക്കെ വളരെ കുറച്ചേ കാണിച്ചിട്ടുള്ളൂ. വളരെ കാലത്തിനു ശേഷം ആക്ഷന് വളരെയധികം പ്രാധാന്യം കൊടുത്തിട്ടുള്ള ഒരു സിനിമയാണ് ഇത്. അത് ആ സിനിമ കാണുമ്പോഴേ അറിയൂ. ആരുമായിട്ടാണ് ആക്ഷന്‍, അല്ലെങ്കില്‍ എന്താണ് ആക്ഷന്‍ എന്ന് പറയുന്നത് വളരെ വ്യത്യസ്‍തമാണ്. ഉപയോഗിച്ചിരിക്കുന്ന സ്റ്റൈലും രീതികളും എതിരാളികളുമൊക്കെ വളരെ വ്യത്യസ്‍തമായിട്ടാണ് ഈ സിനിമയില്‍. വളരെയധികം സമയമെടുത്താണ് ചെയ്‍തത്. നല്ലൊരു കൊറിയോഗ്രഫിയിലൂടെയാണ് ആക്ഷന്‍ ചെയ്‍തത്. കാരണം സാധാരണ ഒരു സിനിമയിലെ ഫൈറ്റ് പോലെയല്ല. വളരെ സൂക്ഷിച്ച് ചെയ്യേണ്ട ഫൈറ്റ് ആണ്. രണ്ട് ഫൈറ്റ് ആണ് ഈ സിനിമയില്‍ ഉള്ളത്. അത് പറഞ്ഞേക്കാം. ആ രണ്ട് ഫൈറ്റും വളരെ വ്യത്യസ്‍തമാണ്. സാധാരണ സിനിമയില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന ഫൈറ്റുകള്‍ തന്നെയായിരിക്കും ഈ സിനിമയില്‍", സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.
ALSO READ : 'ഗംഭീര ആശയം'; മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന 'കാതലി'നെക്കുറിച്ച് സൂര്യ

പുലിമുരുകന്‍ സംവിധായകനും തിരക്കഥാകൃത്തും നായകനും വീണ്ടും ഒരുമിക്കുന്നു എന്നതാണ് മോണ്‍സ്റ്ററിന്‍റെ യുഎസ്‍പി. മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റര്‍ പാര്‍ട്നര്‍ അവനീര്‍ ടെക്നോളജി.
