എമ്പുരാനിലാണ് മോഹന്‍ലാല്‍ ഇനി ജോയിന്‍ ചെയ്യുക

പല കാരണങ്ങളാല്‍ ശ്രദ്ധേയമാണ് മോഹന്‍ലാലിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ എല്‍ 360. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ തരുണ്‍ മൂര്‍ത്തിയാണ്. ടൈറ്റില്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു ചിത്രം ഷെഡ്യൂള്‍ ബ്രേക്ക് ആയത്. ഇപ്പോഴിതാ ആ വേളയിലെ ഒരു ലഘു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ രജപുത്ര വിഷ്വല്‍ മീഡിയ. ഈ സിനിമയോട് തനിക്കുള്ള വൈകാരിക അടുപ്പം പങ്കുവെക്കുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. 

47 വര്‍ഷമായി അഭിനയിക്കുകയാണ്. ഈ സിനിമയും ആദ്യത്തെ സിനിമ പോലെ തന്നെയാണ്. ഒരുപാട് സിനിമകള്‍ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്നേഹം തോന്നും. അങ്ങനെ സ്നേഹം തോന്നിയ ഒരു സിനിമയാണ് ഇത്. പോകുമ്പോള്‍ ഒരു ചെറിയ സങ്കടം ഉണ്ടാവും. ആ സങ്കടത്തോട് കൂടി ഞാന്‍ പോകുന്നു. എളുപ്പം തിരിച്ചുവരാം, അണിയറക്കാരുടെ സംഘത്തോട് മോഹന്‍ലാലിന്‍റെ വാക്കുകള്‍.

ചിത്രത്തിലെ ഓരോ ഡിപ്പാര്‍ട്ട്മെന്‍റും, വിശേഷിച്ച് ലൈറ്റിംഗ് വിഭാഗം ഗംഭീരമായി പ്രവര്‍ത്തിച്ചെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറയുന്നു. ഷെഡ്യൂള്‍ ബ്രേക്കിന് പിരിയുമ്പോള്‍ ടീമിലെ എല്ലാവരും പോസിറ്റീവ് ആണെന്നും ചിത്രവും അങ്ങനെ ആവട്ടെയെന്ന് നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്തും പറയുന്നു. കെ ആര്‍ സുനിലിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. തിരക്കഥയൊരുക്കിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തി. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാർ, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, കോ ഡയറക്ടർ ബിനു പപ്പു. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരു ചിത്രത്തില്‍ ഒരുമിക്കുന്നത്. 

ALSO READ : 'കനകരാജ്യം' ശനിയാഴ്ച മുതല്‍; അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുന്നു

Schedule Break | L360 | Mohanlal | Rejaputhra Visual Media | Tharun Moorthy | M Renjith