ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെക്കുറിച്ച് സംവിധായകന്‍ ബ്ലസി ഒരുക്കിയ ഡോക്യുമെന്ററിയാണ് '100 ഇയേര്‍സ് ഓഫ് ക്രിസോസ്റ്റം'. ഡോക്യുമെന്ററിക്ക് ഗിന്നസ് അംഗീകാരം ലഭിച്ചിരുന്നു. ഏറ്റവും ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയെന്നാണ് അംഗീകാരം. 48 മണിക്കൂര്‍ 10മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നാല് വര്‍ഷമെടുത്താണ് ബ്ലസി നിര്‍മ്മിച്ചത്. ഇപ്പോളിതാ ഡോക്യുമെന്ററിയുടെ ഭാഗമായതിന്റെ സന്തോഷം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ മോഹൻലാൽ. ഡോക്യുമെന്ററിക്ക് വിവരണം നൽകിയിരിക്കുന്നത് മോഹൻലാലാണ്. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് മോഹൻലാൽ ഡോക്യുമെന്ററിയുടെ ഭാഗമായതിൽ അഭിമാനമുണ്ടെന്നുള്ള കാര്യം പങ്ക് വച്ചിരിക്കുന്നത് .