മോഹന്‍ലാലും സൂര്യയും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നു എന്നതാണ് കെ വി ആനന്ദ് ചിത്രം കാപ്പാന്റെ യുഎസ്പി. എന്നാല്‍ മോഹന്‍ലാല്‍-സൂര്യ-കെവി ആനന്ദ് ചിത്രം എന്നതിനപ്പുറമുള്ള ഒരു തലത്തിലേക്ക് അത് സ്വീകരിക്കപ്പെടട്ടെയെന്നാണ് താന്‍ പ്രാര്‍ഥിക്കുന്നുവെന്ന് മോഹന്‍ലാല്‍. കൊച്ചിയില്‍ നടന്ന കാപ്പാന്‍ കേരള ലോഞ്ച് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒപ്പം സിനിമയ്ക്കുവേണ്ടി സൂര്യ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും മോഹന്‍ലാല്‍ വാചാലനായി. അത്തരം തയ്യാറെടുപ്പുകള്‍ വ്യക്തിപരമായി പലപ്പോഴും തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 'വലിയ അര്‍പ്പണമുള്ള കലാകാരനാണ് സൂര്യ. 22 വര്‍ഷംകൊണ്ട് 37 സിനിമ ചെയ്തു എന്നതിലുപരി അദ്ദേഹം സിനിമകള്‍ക്കുവേണ്ടി നടത്തുന്ന തയ്യാറെടുപ്പുകള്‍... ഞാന്‍പോലും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ല. അദ്ദേഹം ആ കഥാപാത്രത്തെ വളരെ ആഴത്തിലേക്ക് പോയി പഠിച്ചിട്ടുണ്ട്. ഒരു എസ്പിജി ഓഫീസറുടെ കൂടെ പോയിനിന്ന് കാര്യങ്ങള്‍ പഠിക്കുകയും ചെയ്തിരുന്നു. ആ അര്‍പ്പണത്തിനുള്ള പ്രതിഫലം ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,' മോഹന്‍ലാല്‍ പറഞ്ഞു.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമാണ് സൂര്യയുടേത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. 'അയന്‍', 'മാട്രാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് 'കാപ്പാന്‍'. ഓഗസ്റ്റ് 30ന് റിലീസ് പ്രഖ്യാപിച്ച ചിത്രം പിന്നീട് സെപ്റ്റംബര്‍ 20ലേക്ക് നീക്കുകയായിരുന്നു. 

(വീഡിയോയ്ക്ക് കടപ്പാട്: മൂവി മാന്‍ ബ്രോഡ്‍കാസ്റ്റിംഗ്)