ദൃശ്യം ഫ്രാഞ്ചൈസിയിലെ ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴുള്ള വെല്ലുവിളികളെക്കുറിച്ച് മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നു. 

കഴിഞ്ഞ നാലര പതിറ്റാണ്ടിനിടയില്‍ തിരശ്ശീലയില്‍ മോഹന്‍ലാല്‍ പകര്‍ന്നാടിയ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളുണ്ട്. അവയില്‍ പ്രേക്ഷകപ്രീതി നേടിയ നിരവധി കഥാപാത്രങ്ങളുണ്ട്. അക്കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്ന ഒന്നാണ് ദൃശ്യത്തിലെ ജോര്‍ജുകുട്ടി. നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും അതിനപ്പുറത്ത് നില്‍ക്കുന്ന ബുദ്ധിശക്തി പ്രകടിപ്പിക്കുന്ന ഒരാള്‍. ഇപ്പോഴിതാ ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം തിയറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് ആ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ശ്രദ്ധിക്കേണ്ടിവന്ന ഒരു പ്രധാന കാര്യത്തെക്കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍. ദൃശ്യം 3 റിലീസിന് മുന്നോടിയായി ആശിര്‍വാദ് സിനിമാസ് തന്നെ സംഘടിപ്പിച്ച അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തെ എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ജോര്‍ജുകുട്ടി ദൃശ്യം ഫ്രാഞ്ചൈസിയിലെ ഓരോ ഭാ​ഗത്തിലും ഓപ്പോസിറ്റ് റിയാക്ഷന്‍ ആണ് ചെയ്യുന്നത്. കാരണം സത്യം പറയാന്‍ പറ്റില്ലല്ലോ. അയാളെ സംബന്ധിച്ച് അയാളുടെ കുടുംബം ഒന്നും അറിയാതിരിക്കാനൊക്കെ നോക്കണ്ടേ. ഒരുപാട് കാര്യങ്ങള്‍ ഇല്ലേ. എല്ലാം റോം​ഗ് എക്സ്പ്രഷന്‍സ് ആയിരിക്കും ചെയ്യുന്നത്. ഒരാള്‍ വന്ന് ഹോ എന്ന് ആക്കിയാല്‍ പേടിക്കേണ്ടതിന് പകരം അയാള്‍ ചിരിച്ചുകൊണ്ട് നില്‍ക്കും. പക്ഷേ അകത്ത് പേടിയുണ്ട്. ഭയങ്കര പേടിയുള്ള ആളാണ് ജോര്‍ജുകുട്ടി. ഒരു ക്രൈം ചെയ്ത ആള്‍ക്ക് എപ്പോഴും ഒരു പേടിയുണ്ടാവും. ശരിക്കും അയാളല്ലല്ലോ ക്രൈം ചെയ്തിരിക്കുന്നത്. ഒരു കുറ്റബോധം അയാള്‍ക്കുണ്ട്. ​ഗില്‍റ്റ് എന്നത് നരകം പോലെയാണെന്നാണ് പറയുന്നത്. അയാള്‍ക്ക് ഒരു വെളിപാട് ഉണ്ടാവേണ്ട സമയമായി. ഒരു എക്സ്പ്രഷന്‍ മാറിയാല്‍ ജോര്‍ജുകുട്ടിയെ പിടിക്കാം. പുറമേക്ക് സന്തോഷമായിരിക്കുന്ന ജോര്‍ജുകുട്ടി എന്നത് ഉള്ളില്‍ ഒരുപാട് സംഘര്‍ഷങ്ങള്‍ നടക്കുന്ന ഒരാളാണ്, മോഹന്‍ലാലിന്‍റെ വാക്കുകള്‍.

ദൃശ്യം ഫ്രാഞ്ചൈസിയിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകര്‍ക്ക് തൊട്ട് അയല്‍പക്കത്തുള്ള ഒരു കുടുംബം പോലെയാണ്. സ്വന്തം കുടുംബത്തിൻ്റെ രക്ഷയ്ക്കായി ഏതറ്റം വരെയും പോകാനിറങ്ങിത്തിരിച്ച ജോർജുകുട്ടിക്കു മുന്നിൽ വലിയ പ്രതിസന്ധികളാണ് എത്തിയത്. എത്ര പ്രതിസന്ധികളുണ്ടായാലും കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ച തീരുമാനമുള്ള ഒരു ഗൃഹനാഥൻ്റെ ആത്മസംഘർഷങ്ങൾ. മൂന്നാം ഭാഗത്തെ മുന്നോട്ട് നയിക്കുന്നതും ജോര്‍ജുകുട്ടിയുടെ ഉറച്ച തീരുമാനങ്ങള്‍ ആയിരിക്കും. ദൃശ്യത്തിൽ നിന്നും ദൃശ്യം 3 ൽ എത്തുമ്പോൾ പിന്നിട്ട കാലയളവിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ് ജോർജുകുട്ടിയേയും കുടുംബത്തേയും ജീത്തു ജോസഫ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming