പ്രണവിൻ്റെയും വിസ്മയയുടെയും സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതിലെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍
മകള്‍ വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ തുടക്കത്തെക്കുറിച്ച് അതിന്‍റെ സംവിധായകന്‍റെ അഭിപ്രായമാണ് തനിക്കുമെന്ന് മോഹന്‍ലാല്‍. ഭയങ്കര പ്രകീക്ഷയുമായൊന്നും വരേണ്ടെന്നും ഇതൊരു സാധാരണ സിനിമയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. തുടക്കം ട്രെയ്‍ലര്‍ ലോഞ്ച് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. മകന്‍ പ്രണവ് നായകനായി അരങ്ങേറിയ ആദി എന്ന ചിത്രത്തിലും മോഹന്‍ലാലിന്‍റെ ഗസ്റ്റ് അപ്പിയറന്‍സ് ഉണ്ടായിരുന്നു. ഇതേക്കുറിച്ചൊക്കെ വൈകാരികത നിറഞ്ഞ വാക്കുകളോടെയാണ് മോഹന്‍ലാല്‍ സദസിനെ തൊട്ടത്.
“ആദ്യം ജീത്തുവിനോട് ഒരു നന്ദി പറയുന്നു. എന്‍റെ മോന്‍ അഭിനയിച്ച സിനിമയില്‍ (ആദി) എനിക്കൊരു ചാന്‍സ് തന്നതിന്. അതുപോലെ തന്നെ ജൂഡിനോടും. വളരെ നന്ദി എന്നെക്കൂടി ഉള്‍ക്കൊള്ളിച്ചതിന്. ഡബ്ബ് ചെയ്ത ഭാഗം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. സിനിമ കാണാന്‍ വേണ്ടി കാത്തിരിക്കുകയാണ്. ജൂഡ് പറഞ്ഞത് തന്നെയാണ് ഞാനും പറയുന്നത്. ഭയങ്കര പ്രതീക്ഷയുമായിട്ടൊന്നും വരണ്ട. ഒരു സാധാരണ സിനിമയാണ്. അങ്ങനെയല്ലേ പറയാന്‍ പറ്റൂ, കാരണം സിനിമ കണ്ടിട്ടാണ് ആളുകള്‍ തീരുമാനിക്കുന്നത് ഇത് ഭയങ്കര ഒരു സിനിമയാണോ എന്നത്. തുടക്കം എന്ന് പറയുന്നത് ഒരു ബിഗിനിംഗ് ആണ്. ആദി എന്ന് പറയുന്നത് ഒരു ബിഗിനിംഗ് ആണ്. എന്‍റെ ആദ്യത്തെ സിനിമയുടെ പേര് തിരനോട്ടം എന്നാണ്. അതും ഒരു ബിഗിനിംഗ് ആയിരുന്നു”, മോഹന്‍ലാല്‍ പറഞ്ഞു.
“നമ്മള്‍ വിചാരിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ നടക്കുന്നതിന്‍റെ കൂടെ നടന്നുപോകുന്ന കാര്യങ്ങളാണ്. എനിക്ക് ഇഷ്ടപ്പെട്ട ഒരു വാക്കാണ് വിസ്മയം എന്നത്. അത് അത്ഭുതത്തിനും മുകളിലുള്ള ഒന്നാണ്. എന്‍റെ മകള്‍ക്കും വീടിനുമൊക്കെ അങ്ങനെ പേരിടാന്‍ തോന്നി. പിന്നെ ജോ, അവന്‍ എന്‍റെ മകനെപ്പോലെയാണ്. എന്‍റെ മകന്‍റെയും മകളുടെയും സിനിമയില്‍ അതിന്‍റെ ഇടയില്‍ നില്‍ക്കാന്‍ ഒരു ഭാഗ്യം കിട്ടിയതില്‍ വലിയ സന്തോഷം. തുടക്കം എന്ന സിനിമ ഈശ്വരന്‍റെ കൃപയാല്‍ വിജയിക്കുന്ന ഒരു സിനിമയാവട്ടെ”, മോഹന്‍ലാലിന്‍റെ വാക്കുകള്‍.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ഏഴാം തീയതിയാണ് ചിത്രത്തിന്‍റെ റിലീസ്. 2018 എന്ന വന്‍ വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്‍ ഇന്‍ഡസ്ട്രിക്ക് ഉണ്ട്.

