സംഘടിത സൈബര്‍ ക്രിമിനല്‍ ആക്രമണങ്ങള്‍ക്ക് എതിരെ നിലകൊള്ളാനാകണമെന്ന് മോഹൻലാല്‍. സൈബര്‍ ഇടങ്ങളില്‍  സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയണമെന്നും മോഹൻലാല്‍ പറഞ്ഞു. കൊച്ചിയില്‍ കൊക്കൂണ്‍ 12 എഡിഷന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹൻലാല്‍. പൊലീസുകാരും, പേപ്പറും ഇല്ലാത്ത പൊലീസ് സ്‌റ്റേഷനാണ് സാങ്കേതികതയുടെ പുതിയ ലോകത്ത് കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന്  ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

സംഘടിത സൈബര്‍ ക്രിമിനല്‍ ആക്രമണങ്ങള്‍ പെരുകി വരുന്ന ഈ കാലഘട്ടത്തില്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നമുക്ക് കഴിയണം. കേരള പൊലീസ് സംഘടിപ്പിച്ചുവരുന്ന കൊക്കൂണ്‍ കോണ്‍ഫറന്‍സ് സൈബര്‍ ലോകത്തെ അറിവുകള്‍ പൊതുജനങ്ങള്‍ക്കും സൈബര്‍ വിദ്യാർഥികള്‍ക്കും, വിദഗ്‍ദ്ധര്‍ക്കും മനസിലാക്കാനും ചര്‍ച്ചചെയ്യപ്പെടുവാനുമാണ് ഉതകുന്നത്. ഇത്രയും ജനോപകാരപ്രദമായി പരിപാടി സംഘടിപ്പിച്ചതിന് കേരള സര്‍ക്കാരിനെ അഭിനന്ദിക്കുകയാണ്. കുട്ടികളുടേയും സ്ത്രീകളുടേയും സൈബര്‍ സുരക്ഷയെ മുന്‍ നിര്‍ത്തി അവതരിപ്പിച്ച കൊക്കൂണ്‍ 12 ന്‍റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മോഹൻലാല്‍ പറഞ്ഞു.