ഷാജി കൈലാസും മോഹൻലാലും വര്‍ഷങ്ങള്‍ക്കു ശേഷം  ഒന്നിക്കുകയാണ് എലോണിലൂടെ.

മോഹൻലാല്‍ ( Mohanlal) നായകനാകുന്ന പുതിയ ചിത്രമാണ് എലോണ്‍. ഷാജി കൈലാസിന്റെ ( Shaji Kailas) സംവിധാനത്തിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ എലോണ്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ എലോണിന്റെ ലൊക്കേഷനില്‍ നിന്നുള്ള മോഹൻലാലിന്റെ ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ്.

വര്‍ഷങ്ങളായി ഒപ്പമുള്ള ആന്റണി പെരുമ്പാവൂരുമായി മോഹൻലാല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതായാണ് ഫോട്ടോയില്‍ കാണുന്നത്. അനീഷ് ഉപാസനയാണ് മോഹൻലാലിന്റെ ഫോട്ടോ എടുത്തിരിക്കുന്നത്. ഒട്ടേറെ പേരാണ് മോഹൻലാലിന്റെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഫോട്ടോ ഹിറ്റായി മാറിയിരിക്കുകയാണ്.

ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. രാജേഷ് കുമാറിന്റെ തിരക്കഥയിലാണ് ചിത്രം എത്തുക. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകൻ. യഥാര്‍ഥ നായകൻമാര്‍ എല്ലായ്‍പ്പോഴും തനിച്ചാണ് എന്ന ടാഗ്‍ലൈനോടെയാണ് എലോണ്‍ എത്തുക. ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്നതിനാല്‍ എലോണ്‍ വൻ ഹിറ്റ് തന്നെ ആയിരിക്കും എന്ന് ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.