മോഹൻലാലും ബി ഉണ്ണികൃഷ്‍ണനും വീണ്ടും ഒന്നിക്കുന്നു. ഉദയ് കൃഷ്‍ണയുടെ തിരക്കഥയില്‍ ആണ് മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ബി ഉണ്ണികൃഷ്‍ണൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ഗ്രാമീണാന്തരീക്ഷത്തിലുള്ള ഒരു ചിത്രമായിരിക്കും ഇത്. ഇൻവെസ്റ്റിഗേഷൻ ചിത്രമായിരിക്കില്ല ഇത്. നര്‍മരംഗങ്ങള്‍ക്ക് പ്രാധാന്യമുള്ളതായിരിക്കും ചിത്രമെന്നും ബി ഉണ്ണികൃഷ്‍ണൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

മാസ് എന്റര്‍ടെയ്‍നറായിരിക്കും ചിത്രം. മോഹൻലാല്‍ തിരക്കഥ ഇഷ്‍ടപ്പെട്ട് സമ്മതം അറിയിച്ചു. ഇതാദ്യമായാണ് ഉദയ് കൃഷ്‍ണ ബി ഉണ്ണികൃഷ്‍ണന് വേണ്ടി തിരക്കഥ എഴുതുന്നത്. മലയാളത്തിലെ പ്രമുഖ അഭിനേതാക്കള്‍ ചിത്രത്തിലുണ്ടാകും. ആരൊക്കെയാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്നത് ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയ് കൃഷ്‍ണ തിരക്കഥയെഴുതുന്ന ചിത്രം നവംബറില്‍ ആരംഭിക്കും.

മാടമ്പിയായിരുന്നു ബി ഉണ്ണികൃഷ്‍ണൻ ആദ്യമായി മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്‍തത്. ഗ്രാൻഡ് മാസ്റ്ററും മിസ്റ്റര്‍ ഫ്രോഡും വില്ലനുമാണ് ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായ മറ്റ് ചിത്രങ്ങള്‍. ഇതില്‍ മാടമ്പിയുടം ഗ്രാൻഡ് മാസ്റ്ററും വൻ വിജയം നേടിയിരുന്നു.

ഐ ലൗ മി എന്ന ചിത്രം ഒഴികെ താൻ സംവിധാനം ചെയ്‍ത എല്ലാ സിനിമകള്‍ക്കും ബി ഉണ്ണികൃഷ്‍ണൻ തന്നെയായിരുന്നു തിരക്കഥ എഴുതിയത്.