ജയിലറിന്റെ ആവേശം തീരും മുൻപ് എത്തിയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ.

ജനികാന്ത് നായകനായി എത്തിയ ജയിലറിന്റെ ആവേശമാണ് സോഷ്യൽ മീഡിയയിൽ എങ്ങും. നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മാത്യു എന്ന കാമിയോ വേഷത്തിന് വൻവരവേൽപ്പാണ് സിനിമാപ്രേമികൾ നൽകി കൊണ്ടിരിക്കുന്നത്. ജയിലർ തരം​ഗം എങ്ങും കൊടുമ്പിരി കൊണ്ടിരിക്കെ മോഹൻലാലിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

ജീത്തു ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട അപ്ഡേറ്റാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് 12 ശനിയാഴ്ച ടൈറ്റിൽ പുറത്തുവിടും. വൈകുന്നേരം അഞ്ച് മണിക്കാകും അനൗൺസ്മെന്റ്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ 33മത് ചിത്രം കൂടിയാണിത്. ഈ മാസം തന്നെ സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങുമെന്നാണ് വിവരം. 

ട്വൽത്ത് മാന് ശേഷം മോഹൻലാൽ- ജീത്തു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രം, ദൃശ്യം 3 ആയിരിക്കുമെന്ന തരത്തിൽ പ്രചരങ്ങൾ നടന്നിരുന്നു. എന്നാൽ ദൃശ്യം ഫ്രാഞ്ചൈസി ആയിരിക്കില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അതേസമയം, ജയിലറിന്റെ ആവേശം തീരും മുൻപ് എത്തിയ പ്രഖ്യാപനത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ ഇപ്പോൾ. 

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഇന്നാണ് ജയിലര്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ആദ്യ ഷോ മുതല്‍ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രജനികാന്തിനും മോഹന്‍ലാലിനും ഒപ്പം ശിവരാജ് കുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രമ്യ കൃഷ്ണനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയിലറില്‍ വിനായകന്‍ ആണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. 

അമ്മയുടെ തൊഴിലുറപ്പ് ഫ്രണ്ട്സ്, കാണാനെത്തി അഖിൽ, സ്നേഹം കൊണ്ടുമൂടി അമ്മമാർ- വീഡിയോ

'വൃഷഭ' എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമായും തെലുങ്കിലും മലയാളത്തിലുമായി നിര്‍മ്മിക്കപ്പെടുന്ന ദ്വിഭാഷാ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും രാജ്യമൊട്ടാകെ റിലീസ് ചെയ്യും. 200 കോടിയാണ് ബജറ്റ്. നന്ദകിഷോര്‍ ആണ് സംവിധാനം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..