Asianet News MalayalamAsianet News Malayalam

മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുമോ?

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കാൻ തീര്‍ച്ചയായും ആരാധകരും ആഗ്രഹിക്കുന്നുണ്ട്.

Mohanlal and Mammootty films
Author
Kochi, First Published Aug 6, 2021, 8:26 AM IST

മലയാളത്തിന്റെ നിത്യവസന്തം മമ്മൂട്ടി വെള്ളിത്തിരയിലേക്ക് എത്തിയിട്ട് വര്‍ഷം 50 തികയുന്നു. മമ്മൂട്ടിയെ കുറിച്ച് ആലോചിക്കുമ്പോള്‍ മോഹൻലാലും മോഹൻലാലിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ മമ്മൂട്ടിയും മനസില്‍ തെളിയുക പതിവാണ് മലയാളികള്‍ക്ക്. അപ്പോള്‍ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന കാര്യങ്ങള്‍ പറയുകയും വേണ്ട. ഇരുവരും വീണ്ടും ഒന്നിക്കാൻ ആരാധകര്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുമുണ്ട്.  അമ്പത്തിയഞ്ചോളും ചിത്രങ്ങളില്‍ ഇവര്‍ ഇതിനുമുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്തായാലും മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച് സൂപ്പര്‍ ഹിറ്റായ സിനിമകള്‍ പരിശോധിക്കാം.

 

കരുണനും ഗോപിയും

മോഹൻലാലും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു അടിയൊഴുക്കുകള്‍.  പരുക്കനായ കരുണൻ എന്ന മത്സ്യത്തൊഴിലാളിയായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. തടവുശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുന്ന കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. തൊഴില്‍ രഹിതനായ ഗോപി എന്ന ചെറുപ്പക്കാരനായി മോഹൻലാലും വേഷമിട്ടു. ചിത്രത്തിലെ അഭിനയത്തിനു മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‍കാരവും ലഭിച്ചു. 1984ലാണ് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. എം ടി വാസുദേവൻ  നായരുടെ തിരക്കഥയില്‍ ഐ വി ശശിയാണ് ചിത്രം സംവിധാനം ചെയ്‍തത്.
 

ഗൂര്‍ഖയും ഗള്‍ഫുകാരനും

തൊഴില്‍രഹിതനായ സേതു ഗൂര്‍ഖയായി വേഷം കെട്ടിയ ചിത്രമാണ് ഗാന്ധിനഗര്‍ സെക്കൻഡ് സ്‍ട്രീറ്റ്. സേതുവായി അഭിനയിച്ച് പ്രേക്ഷകരെ ചിരിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്‍തത് മോഹൻലാലും. ഇതില്‍ അതിഥി വേഷമാണ് മമ്മൂട്ടിക്ക്. പക്ഷേ കഥാഗതിയില്‍ നിര്‍ണ്ണായകമായ കഥാപാത്രം. ബാലചന്ദ്രൻ എന്ന ഗള്‍ഫുകാരനായാണ് മമ്മൂട്ടി അഭിനയിച്ചത്. 1986ലാണ് ചിത്രം സത്യൻ  അന്തിക്കാടിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

 

ഹരിയും കൃഷ്‍ണനും

രണ്ടു ഉടലും ഒരു മനസ്സുമായിരുന്നു അവര്‍ക്ക്. ഹരിക്കും കൃഷ്‍ണനും. ഇരുവരും വക്കീലൻമാരാണ്. മമ്മൂട്ടി ഹരിയായി അഭിനയിച്ചപ്പോള്‍ മോഹൻലാല്‍ കൃഷ്‍ണനായി വേഷമിട്ടു. തമാശരംഗങ്ങളില്‍ ഇരുവരും തകര്‍ത്ത് അഭിനയിച്ചപ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റുമായി. ഇരു സൂപ്പര്‍ സ്റ്റാറുകളുടേയും ആരാധകരെ തൃപ്‍തിതിപ്പെടുത്താൻ ഇരട്ടക്ലൈമാക്സുമായാണ് ചിത്രം പ്രദര്‍ശശനത്തിനെത്തിയത്. 1998ല്‍ റിലീസ് ചെയ്‍ത ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത് ഫാസിലായിരുന്നു. മധു മുട്ടം ആണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയത്.

 

ടോണി കുരിശിങ്കലും മമ്മൂട്ടിയും

കുസൃതിക്കാരനായ ടോണി കുരിശിങ്കലും സുഹൃത്തുക്കളും നമ്പര്‍ മദ്രാസ് മെയിലില്‍ യാത്ര ചെയ്‍തപ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റ്. തിരുവനന്തപുരത്ത് നിന്ന് മദ്രാസ് വരെയുള്ള ട്രെയിൻ യാത്രയില്‍ നടക്കുന്ന കൊലപാതകത്തെ കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യുന്ന നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയില്‍ ടോണി കുരിശിങ്കലായി മോഹൻലാല്‍ അഭിനയിച്ചു. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ആയിട്ടുതന്നെയായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. 1990ല്‍  പ്രദര്‍ശനത്തിനെത്തിയ ചിത്രം സംവിധാനം ചെയ്‍തത് ജോഷിയാണ്. ഹരികുമാറിന്റെ കഥയ്ക്ക് ഡെന്നീസ് ജോസഫ് ആണ് തിരക്കഥ എഴുതിയത്.

 

പൂവള്ളി ഇന്ദുചൂഢനും നന്ദഗോപാല്‍ മാരാറും

പൂവള്ളി ഇന്ദുചൂഢനായി മോഹൻലാല്‍  തകര്‍ത്താടിയ സിനിമയായിരുന്നു നരസിംഹം. മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രം. ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. നന്ദഗോപാല്‍ മാരാര്‍ എന്ന വക്കീലായി എത്തി മമ്മൂട്ടിയും കയ്യടി നേടി. 2000ത്തില്‍  പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഷാജി കൈലാസ് ആണ് സംവിധാനം ചെയ്‍തത്. രഞ്‍ജിത്ത് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

പ്രതാപ വര്‍മ്മയും രമേഷ് നമ്പ്യാരും

മലയാളത്തിലെ എല്ലാ താരങ്ങളും അഭിനയിച്ച ട്വന്റി 20യിലെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കോമ്പിനേഷൻ രംഗങ്ങള്‍. പ്രതാപ വര്‍മ്മയെന്ന മലഞ്ചരക്ക് വ്യാപാരിയായി മോഹൻലാലും രമേഷ് നമ്പ്യാരായി മമ്മൂട്ടിയും അഭിനയിച്ചു. 2008ല്‍  പ്രദര്‍ശനത്തിന് എത്തിയ ചിത്രം സംവിധാനം ചെയ്‍തതത് ജോഷിയാണ്. ഉദയ് കൃഷ്‍ണ - സിബി കെ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച മറ്റ് സിനിമകള്‍ വായനക്കാര്‍ക്കും പൂരിപ്പിക്കാം.

Follow Us:
Download App:
  • android
  • ios