Asianet News MalayalamAsianet News Malayalam

'ഒടിയനു' ശേഷം വീണ്ടും വി എ ശ്രീകുമാറും മോഹന്‍ലാലും; ഇക്കുറി ബോളിവുഡില്‍

മാപ്പിള ഖലാസികളുടെ സാഹസിക ജീവിതം പറയുന്ന ചിത്രം, ടി ഡി രാമകൃഷ്ണന്‍റെ രചന

mohanlal and va shrikumar to unite again for bollywood movie mission konkan
Author
Thiruvananthapuram, First Published Sep 13, 2021, 7:23 PM IST

'ഒടിയന്‍' എന്ന ഫാന്‍റസി ഡ്രാമ ചിത്രത്തിനു ശേഷം മോഹന്‍ലാലും സംവിധായകന്‍ വി എ ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നു. 2020 സെപ്റ്റംബറില്‍ ശ്രീകുമാര്‍ പ്രഖ്യാപിച്ചിരുന്ന 'മിഷന്‍ കൊങ്കണി'ലാണ് മോഹന്‍ലാലും അഭിനയിക്കുന്നത്. ഹിന്ദിയിലും മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലുമായിരിക്കും ചിത്രമെന്നാണ് പ്രഖ്യാപന സമയത്ത് ലഭിച്ച അറിയിപ്പ്. എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് മുഴുനീള കഥാപാത്രത്തെയാണോ എന്നത് വ്യക്തമല്ല. ബോളിവുഡ് താരം രണ്‍ദീപ് ഹൂദയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് വിവരം.

മാപ്പിള ഖലാസികളുടെ സാഹസിക ജീവിതം പറയുന്ന ചിത്രമാണിത്. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ പ്രമുഖ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍റേതാണ് രചന. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങളാവും ചിത്രത്തില്‍ അണിനിരക്കുകയെന്നും താരനിര പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് പ്രഖ്യാപന സമയത്ത് വി എ ശ്രീകുമാര്‍ അറിയിച്ചിരുന്നത്. ജിതേന്ദ്ര താക്കറെ, കമാല്‍ ജെയിന്‍, ശാലിനി താക്കറെ എന്നിവരാണ് നിര്‍മ്മാണം. 

ബിഗ് ബജറ്റ് ചിത്രമായിരിക്കും മിഷന്‍ കൊങ്കണ്‍. പേര് സൂചിപ്പിക്കുന്നതുപോലെ കൊങ്കണ്‍ റെയില്‍വെ ആണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്. ദീര്‍ഘകാലം റെയില്‍വെയില്‍ ഉദ്യോഗസ്ഥനായിരുന്ന ടി ഡി രാമകൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. "മനുഷ്യാത്ഭുതമാണ് ഖലാസി. മലബാറിന്‍റെ തീരങ്ങളില്‍ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്‍റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം", 2020 സെപ്റ്റംബറില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നത് ഇങ്ങനെ.

ഹോളിവുഡ് ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലാവും ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. രത്‌നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായാണ് നേരത്തെ ലൊക്കേഷനുകള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലം ഇക്കാര്യത്തില്‍ മാറ്റം വരുത്തിയോ എന്ന കാര്യം അറിവായിട്ടില്ല.  മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ ഒരുക്കിയ ഒടിയന്‍ എന്ന ചിത്രത്തിലൂടെയാണ് വി എ ശ്രീകുമാര്‍ സംവിധാനരംഗത്തേക്ക് എത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios