ധ്യാന്‍ ശ്രീനിവാസന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായിക. നവാഗതനായ ദിനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് '9 എംഎം' എന്നാണ് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. മഞ്ജു വാര്യരുടെ കരിയറിലെ അന്‍പതാം ചിത്രമാണ് ഇത്.

സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് നിര്‍മ്മാണം. സഹനിര്‍മ്മാണം ടിനു തോമസ്. 

വെട്രി പളനിസാമിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അജിത്ത് കുമാര്‍ ചിത്രങ്ങളായ വേതാളം, വിവേകം, വിശ്വാസം ഉള്‍പ്പെടെയുള്ള സിനിമകളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം. സംഗീതം സാം സി എസ്. എഡിറ്റിംഗ് സാംജിത്ത് മുഹമ്മദ്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളുടെ സംഘട്ടന സംവിധായകനായ യാന്നിക് ബെന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. ഡിസൈന്‍ മനു ഡാവിഞ്ചി. ഫണ്‍ടാസ്റ്റിക് ഫിലിംസ് റിലീസ് ആണ് വിതരണം. മുന്‍പ് സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ലവ് ആക്ഷന്‍ ഡ്രാമ'യുടെ രചനയും ധ്യാന്‍ ശ്രീനിവാസന്‍ ആയിരുന്നു. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.