ആ വിജയ നായകനൊപ്പം തമിഴ് ചിത്രത്തില്‍ മോഹൻലാലും എത്തുമോ?.

മണിരത്നത്തിന്റെ ഇരുവര്‍ എന്ന ഇതിഹാസ ചിത്രത്തിലൂടെ തമിഴകത്തിന്റെ മനസ്സില്‍ ഇരിപ്പിടമുറപ്പിച്ച മലയാള നടനാണ് മോഹൻലാല്‍. രജനികാന്ത് നായകനായ ജയിലറിലൂടെ മാസ് കഥാപാത്രമായി തമിഴകത്തിന് ആവേശവുമായി അടുത്തിടെ മോഹൻലാല്‍. ഇനി പുതിയൊരു വമ്പൻ തമിഴ് ചിത്രത്തില്‍ മോഹൻലാലിന് ക്ഷണം ലഭിച്ചു എന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആ റിപ്പോര്‍ട്ട് ആരാധകര്‍ ചര്‍ച്ചയാക്കുകയുമാണ്.

എ ആര്‍ മുരുഗോസിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലേക്കാണ് തമിഴില്‍ മോഹൻലാലിന് പുതുതായി ക്ഷണം ലഭിച്ചിട്ടുള്ളത്. ശിവകാര്‍ത്തികേയനാണ് നായകനായി എത്തുക. മോഹൻലാല്‍ ക്ഷണം സ്വീകരിച്ചോയെന്ന് വ്യക്തമല്ല. എന്തായാലും എ ആര്‍ മുരുഗോസ് ചിത്രത്തിന്റെ പ്രവര്‍ത്തകരുടെ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് മോഹൻലാല്‍ ആരാധകര്‍.

തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് നിലവില്‍ യുവ നായകൻമാരില്‍ മുൻ നിരയിലുള്ള ശിവകാര്‍ത്തികേയൻ. കോമഡി മാത്രമല്ല വ്യത്യസ്‍തങ്ങളായ ഏത് കഥാപാത്രങ്ങളും ചേരും എന്ന് തെളിയിച്ച് മുന്നേറുകയാണ് ശിവകാര്‍ത്തികേയൻ സമീപകാലത്ത്. അതുകൊണ്ടുതന്നെ ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ ചിത്രത്തില്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ മോഹൻലാലും പ്രധാനപ്പെട്ട വേഷത്തില്‍ എത്തിയാല്‍ അത് വൻ ആവേശമാകും എന്ന് ഉറപ്പ്. മൃണാള്‍ താക്കൂറാണ് ശിവകാര്‍ത്തികേയന്റെ നായികയായി ചിത്രത്തില്‍ എത്തുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു.

ശിവകാര്‍ത്തികേയൻ നായകനായി മാവീരനാണ് ഒടുവിലെത്തിയത്. മഡോണി അശ്വിനാണ് മാവീരന്റെ സംവിധാനം. ശിവകാര്‍ത്തികേയൻ സത്യയായപ്പോള്‍ എസ് ഷങ്കറിന്റെ മകള്‍ അദിതിയാണ് മാവീരനില്‍ നായികയായി വേഷമിട്ടത്. ശിവകാര്‍ത്തികേയനും അദിതിക്കും പുറമേ മാവീരൻ സിനിമയില്‍ സരിത, മോനിഷ ബ്ലസ്സി, സുനില്‍ ബാലാജി ശക്തിവേല്‍, സുനില്‍, പഴനി മുരുകൻ, ജീവി രവി, മിഷ്‍കിൻ തുടങ്ങിയവരും വേഷമിട്ടപ്പോള്‍ ഛായാഗ്രാഹണം വിദ്യുത് അയ്യണ്ണയും നിര്‍വഹിച്ചപ്പോള്‍ സംഗീത സംവിധാനം ഭരത് ശങ്കര്‍ ആണ്.

Read More: ഗരുഡനു പിന്നാലെ മിഥുന്റെ ഫീനിക്സ്, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക