തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ മോഹൻലാലിൻ്റെ ക്യാരക്റ്റർ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

തുടരും എന്ന വിജയചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ക്യാരക്റ്റര്‍ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് യൂണിഫോം അണിയുന്ന ചിത്രമാണിത്. പൊലീസ് യൂണിഫോമില്‍ തന്നെയാണ് ആദ്യ ലുക്ക് പോസ്റ്ററും പുറത്തെത്തിയിരിക്കുന്നത്. എന്നാല്‍ അത് വീട്ടകത്തിലുള്ള പൊലീസുകാരനാണെന്ന് മാത്രം. ഓഫീസില്‍ നിന്ന് വീട്ടില്‍ എത്തിയതുപോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് മോഹന്‍ലാലിന്‍റെ കഥാപാത്രം. ഷര്‍ട്ടിന്‍റെ ഇന്‍സര്‍ട്ട് അഴിച്ചിട്ടുണ്ട്, ബൂട്ടുകള്‍ കൈയില്‍ പിടിച്ച്, കാലില്‍ സ്ലിപ്പര്‍ ആണ് ധരിച്ചിരിക്കുന്നത്. ടി എസ് ലവ്‍ലജന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. മനുഷ്യ രൂപത്തിലുള്ള ശുദ്ധമായ സ്നേഹം എന്നാണഅ അണിയറക്കാര്‍ കഥാപാത്രത്തെ പോസ്റ്ററിനൊപ്പം വിശേഷിപ്പിച്ചിരിക്കുന്നത്. ഇറങ്ങിയ ഉടന്‍ വന്‍ വരവേല്‍പ്പാണ് പോസ്റ്ററിന് ലഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എല്‍ 366

പുതിയ ചിത്രത്തിന് വേണ്ടി പുത്തന്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. വര്‍ഷങ്ങളായി നിലനിര്‍ത്തിയിരുന്ന താടിയുള്ള ഗെറ്റപ്പ് അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി മാറ്റിയിട്ടുണ്ട്. താടി പൂര്‍ണ്ണമായും നീക്കി കട്ടി മീശ വച്ചാണ് പൊലീസ് ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിന്‍റെ കരിയറിലെ 366-ാം ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍ എല്‍ 366 എന്നാണ്. തൊടുപുഴയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദൃശ്യം 3 ന് ശേഷം മോഹന്‍ലാല്‍ വീണ്ടും തൊടുപുഴയിലേക്ക് ചിത്രീകരണത്തിനായി എത്തുകയാണ് ഈ സിനിമയ്ക്ക് വേണ്ടി. നിരവധി വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുളള ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21-ാമത്തെ ചിത്രം കൂടിയാണിത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ ഒരു പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

രതീഷ് രവിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിംഗ് വിവേക് ഹർഷൻ, ശബ്ദസംവിധാനം വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, കോ ഡയറക്റ്റര്‍ ബിനു പപ്പു, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, സഹസംവിധാനം ബിനു പപ്പു, മേക്കപ്പ് റോണെക്‌സ് സേവിയര്‍. സെൻട്രൽ പിക്‌ചേഴ്‌സ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

Kerala Budget 2026 | Asianet News Live | Malayalam Live News | Kerala News Updates | Breaking News