തന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ വിവാദമായ 'സൂപ്പര്‍സ്റ്റാര്‍' എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ വെളിപ്പെടുത്തുന്നു
മലയാള സിനിമയില്‍ പലപ്പോഴും വിവാദങ്ങള്‍ പിന്തുടര്‍ന്നിട്ടുള്ള സംവിധായകനാണ് വിനയന്‍. അഭിപ്രായങ്ങള്‍ തുറന്നുപറയാനും നിലപാട് എടുക്കാനും മടി കാണിക്കാത്ത അദ്ദേഹത്തിന്‍റെ സ്വഭാവം സിനിമാ സംഘടനകള്‍ക്ക് പലപ്പോഴും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. സിനിമയില്‍ നിന്ന് അദ്ദേഹത്തെ വിലക്കാനും പലപ്പോഴും ശ്രമങ്ങള്‍ നടന്നു. അത്തരം വിലക്കുകളെ അതിജീവിച്ച കഥ കൂടിയാണ് ഈ സംവിധായകന്‍റെ ഫിലിമോഗ്രഫി. ഇപ്പോഴിതാ തന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ സംഭവിച്ച ഒരു ചിത്രത്തെക്കുറിച്ചും അത് സൃഷ്ടിച്ച വിവാദത്തെക്കുറിച്ചും പറയുകയാണ് വിനയന്‍. സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തെക്കുറിച്ചാണ് അത്. മോഹന്‍ലാലിന്‍റെ അപരനായി അറിയപ്പെട്ട മദന്‍ലാല്‍ അഭിനയിച്ച ഈ ചിത്രം മോഹന്‍ലാലിന്‍റെ അപ്രീതിക്ക് കാരണമായെന്നും അതിനാലാണ് പില്‍ക്കാലത്ത് ഒരു വിനയന്‍- മോഹന്‍ലാല്‍ ചിത്രം സംഭവിക്കാതെ പോയതെന്നുമൊക്കെ പ്രേക്ഷകരില്‍ പലരും വിശ്വസിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊരു അകല്‍ച്ച തങ്ങള്‍ക്കിടയില്‍ സംഭവിച്ചിട്ടില്ലെന്ന് പറയുന്നു വിനയന്‍. തന്‍റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് വിനയന്‍ സൂപ്പര്‍സ്റ്റാര്‍ ഓര്‍മ്മകള്‍ പങ്കുവെക്കുന്നത്.
വിനയന്‍ പറയുന്നു
സിനിമയില്‍ എത്തുന്നതിന് മുന്‍പ് വിനയന്‍ ഒരു നാടക സമിതി നടത്തിയിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷത്തോളം രൂപ നഷ്ടമാണ് സമിതിയിലൂടെ തനിക്ക് ഉണ്ടായതെന്ന് വിനയന്‍ പറയുന്നു. ഒരേയൊരു നാടകമാണ് നിരവധി വേദികള്‍ കിട്ടി വിജയിച്ചത്. ഇന്ദ്രജാലം എന്ന നാടകമായിരുന്നു അത്. കാവാലം സ്വദേശിയായ ശശികുമാറിന്‍റെ സാന്നിധ്യമായിരുന്നു കാരണം. സ്റ്റേജില്‍ ദൂരക്കാഴ്ചയില്‍ മോഹന്‍ലാലിനെപ്പോലെയിരിക്കുന്ന ശശികുമാര്‍. ഇയാള്‍ക്ക് എതിരെ നില്‍ക്കാന്‍ മമ്മൂട്ടിയുടെ ഛായയുള്ള സുദര്‍ശന്‍ തിരുവനന്തപുരത്തെയും താന്‍ കൊണ്ടുവന്നെന്നും വിനയന്‍ പറയുന്നു. പല വേദികളില്‍ കളിച്ച ഇന്ദ്രജാലം കാണാനിടയായ ഒരു ചലച്ചിത്ര നിര്‍മ്മാതാവാണ് ശശികുമാറിനെ വച്ച് ഒരു സിനിമ ചെയ്താലോ എന്ന് തന്നോട് ചോദിച്ചത്. അങ്ങനെയാണ് സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ ഉണ്ടായതെന്ന് വിനയന്‍ പറയുന്നു. ശശികുമാര്‍ ആണ് പില്‍ക്കാലത്ത് മദന്‍ലാല്‍ എന്ന പേരില്‍ അറിയപ്പെട്ടത്.
“സൂപ്പർ സ്റ്റാറിന്റെ മുഖമുള്ള ഒരു ബാർബറുടെ കഥയായിരുന്നു അത്. സൂപ്പര്‍സ്റ്റാറിന്‍റെ ഛായ ഉണ്ടെങ്കിലും പട്ടിണിയിലാണ് ഇയാളുടെ ജീവിതം. സിനിമയോട് അഭിനിവേഷമുള്ള ഇയാളെ മുതലെടുക്കുന്ന ചുറ്റുമുറ്റവരും. എന്നാല്‍ ഒടുവില്‍ കളി കാര്യമാവുകയും ഇയാള്‍ ഒരു ബാങ്ക് മോഷണത്തിന്‍റെ ഭാഗമാവുകയുമൊക്കെ ചെയ്യുന്നു. ഒടുവില്‍ സൂപ്പര്‍സ്റ്റാര്‍ തന്നെ ഇയാളെ സഹായിക്കാനായി വരുന്നു. ഒരു എസി ബാർബർ ഷോപ്പ് നടത്താനായിട്ട് ഒരു ബ്ലാങ്ക് ചെക്ക് കൊടുക്കുകയാണ് താരം. ആ രണ്ട് സീനിൽ മോഹൻലാൽ അഭിനയിച്ചിരുന്നെങ്കിൽ ചിലപ്പോള്‍ ഭയങ്കര സംഭവമായിട്ട് ഈ സിനിമ മാറിയേനെ”, വിനയന്‍ പറയുന്നു. ഒടുവില്‍ സിനിമ വന്നപ്പോള്‍ ഇത് മോഹന്‍ലാലിന് എതിരായ സംഭവമാണെന്ന രീതിയില്‍ മോഹന്‍ലാല്‍ ആരാധകര്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ ബാനര്‍ വച്ചെന്നും വിനയന്‍ പറയുന്നു. “മോഹന്‍ലാലിന് ഒപ്പമുള്ളവരാണ് ഫാന്‍സിനെ എനിക്കെതിരെ തിരിച്ചത്”. എന്നാല്‍ പില്‍ക്കാലത്ത് മോഹന്‍ലാല്‍ തന്നോട് സംസാരിച്ചപ്പോള്‍ അതിലൊന്നും അദ്ദേഹത്തിന് പ്രശ്നമുള്ളതായി തോന്നിയില്ലെന്നും വിനയന്‍ പറയുന്നു. തന്‍റെ മനസിലും മോഹന്‍ലാലിന് എതിരായിട്ട് ഉണ്ടാക്കിയ സിനിമയല്ല അതെന്നും. “അങ്ങനെ സിനിമാ മേഖലയിൽ എത്തുമ്പോൾ തന്നെ ഒരു ബോംബ് പൊട്ടിച്ചുകൊണ്ടാണ് ഞാന്‍ വന്നത്”, വിനയന്‍ പറഞ്ഞവസാനിപ്പിക്കുന്നു. മോഹന്‍ലാല്‍ നായകനായ ഹിറ്റ് ചിത്രം ഹിസ് ഹൈനസ് അബ്ദുള്ള തിയറ്ററിലെത്തിയ സമയത്ത് ആയിരുന്നു സൂപ്പര്‍സ്റ്റാറിന്‍റെയും റിലീസ്.



