മലയാള സിനിമാവ്യവസായത്തില്‍ നിര്‍ണായക സ്ഥാനമുള്ള ചിത്രമാണ് മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍. ബോക്‌സ്ഓഫീസിലെ 100 കോടി ക്ലബ്ബ് എന്നത് അത്രകാലവും മറുഭാഷാ സിനിമകളുമായി ചേര്‍ത്ത് മാത്രമാണ് മലയാളികള്‍ കേട്ടിരുന്നത്. എന്നാല്‍ ഇന്‍ഡസ്ട്രിയെ ആകെ അത്ഭുതപ്പെടുത്തി പുലിമുരുകന്‍ അവിശ്വസനീയ വിജയം നേടി. മലയാളത്തിന് ആദ്യമായി 100 കോടി-150 കോടി ക്ലബ്ബുകളിലേത്ത് വാതില്‍ തുറന്നുകൊടുത്ത ചിത്രമായി അത്. ഇപ്പോഴിതാ റിലീസിന്റെ മൂന്നാം വാര്‍ഷികത്തിന് പുലിമുരുകന്റെ പ്രത്യേക പ്രദര്‍ശനങ്ങളുമായി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍ ആരാധകര്‍.

2016 ഒക്ടോബര്‍ ഏഴിനായിരുന്നു പുലിമുരുകന്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിയത്. മൂന്ന് വര്‍ഷം പിന്നിടുന്ന വരുന്ന ഏഴാം തീയ്യതി കോട്ടയത്തും ചങ്ങനാശ്ശേരിയിലുമാണ് പ്രത്യേക ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം ആശയിലും ചങ്ങനാശ്ശേരി രമ്യയിലുമാണ് പ്രദര്‍ശനങ്ങള്‍. രാവിലെ ഏഴിനാവും സിനിമ പ്രദര്‍ശിപ്പിക്കുക.