പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവൻ നഷ്‍ടമായ കോഴിക്കോട് സ്വദേശി ലിനുവിന്റെ കുടുംബത്തിന് വീടുവെച്ച് നല്‍കി മോഹൻലാല്‍.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. ഒട്ടേറെ പേരാണ് മോഹൻലാലിന് സമ്മാനങ്ങളുമൊക്കെയായി രംഗത്ത് എത്തുന്നത്. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രൊജക്റ്റിന്റെ ഭാഗമായി ഒരു വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചതാണ് പുതിയ വാര്‍ത്ത. 2019ല്‍ പ്രളയത്തില്‍ മരിച്ച ലിനുവിന്റെ കുടുംബത്തിനാണ് വിശ്വശാന്തി ഫൗണ്ടേഷൻ വീടുവെച്ച് നല്‍കിയിരിക്കുന്നത്.

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവൻ നഷ്‍ടമായ കോഴിക്കോട് സ്വദേശി ലിനുവിന്റെ കുടുംബത്തിന് വീടുവെച്ച് നല്‍കുമെന്ന് മോഹൻലാല്‍ ചെയര്‍മാനായ വിശ്വശാന്തി ഫൗണ്ടേഷൻ അന്ന് അറിയിച്ചിരുന്നു. ആ വാക്കുപാലിച്ചതായി അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ മോഹൻലാലും ഒപ്പമുള്ളവരും. വിശ്വശാന്തി ഫൗണ്ടേഷൻ പ്രതിനിധിയായ സംവിധായകൻ മേജര്‍ രവി അന്ന് ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം അടിന്തര സഹായി ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്‍തിരുന്നു. വിശ്വശാന്തി ഫൗണ്ടേഷൻ വീടുവെച്ച് നല്‍കുമെന്ന് സംവിധായകൻ മേജര്‍ രവിയാണ് അന്ന് അറിയിച്ചതും.

പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ വെളക്കെട്ടില്‍ വീണായിരുന്നു ലിനുവിന് ജീവൻ നഷ്‍ടമായത്. വീട്ടില്‍ വെള്ളം കയറിയതതിനെ തുടര്‍ന്ന് ലിനുവും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനിത്തിന് പോയപ്പോഴായിരുന്നു ലിനുവിന് ജീവൻ നഷ്‍ടമായത്. അദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മോഹൻലാല്‍ നായകനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം 'മലൈക്കോട്ടൈ വാലിബനാ'ണ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ പ്രതീക്ഷകള്‍ ഏറെയാണ്. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. 'മലൈക്കോട്ടൈ വാലിബനെ'ന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.

Read More: ജന്മദിനത്തില്‍ മോഹൻലാലിന് വേറിട്ട സമ്മാനം, താരത്തിന്റെ കയ്യക്ഷരം ഇനി ഫോണ്ടായി ലഭിക്കും

YouTube video player