ഹൈവാൻ ഒപ്പത്തിന്റെ തനി പകർപ്പല്ലെന്നും തിരക്കഥയിലും സംഭാഷണത്തിലും താൻ കുറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും പ്രിയദർശൻ വ്യക്തമാക്കി.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒപ്പം സിനിമയുടെ ഹിന്ദി റീമേക്കായ ഹൈവാന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ സിനിമയിലെ പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം.2016ൽ റിലീസായ ഒപ്പത്തിൽ രാമച്ചനായി എത്തിയ മോഹൻലാൽ സിനിമയുടെ ഹിന്ദി റീമേക്കായ ഹൈവാനിൽ ഒരു സർപ്രൈസ് അതിഥി വേഷത്തിൽ ഉണ്ടാവുമെന്നാണ് പ്രിയദർശൻ വെളിപ്പെടുത്തിയിരിക്കുന്നത്.മലയാളത്തിൽ സൂപ്പര്ഹിറ്റായ ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ സൈഫ് അലി ഖാനാണ് മോഹൻലാൽ അവതരിപ്പിച്ച വേഷത്തിൽ അഭിനയിക്കുന്നത്.മറ്റൊരു പ്രധാനപ്പെട്ട വേഷത്തിൽ അക്ഷയ് കുമാറുമുണ്ട്.ചിത്രം ഒപ്പത്തിന്റെ തനി പകർപ്പല്ലെന്നും തിരക്കഥയിലും സംഭാഷണത്തിലും താൻ കുറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഒരു അഭിമുഖത്തിൽ പ്രിയദർശൻ വ്യക്തമാക്കി.
17 വർഷങ്ങൾക്കുശേഷം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ചിത്രമാണ് ഹൈവാൻ.
ഒപ്പത്തിൽ നെടുമുടി വേണു ചെയ്ത വേഷം ഹിന്ദിയിൽ ചെയ്യുന്നത് ബൊമൻ ഇറാനിയാണ്. ശ്രിയ പിൽഗോൻക, ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, എന്നിവരാണ് മറ്റ് താരങ്ങൾ.പ്രിയദർശനോടൊപ്പം ഹൈവാന്റെ തിരക്കഥ ഒരുക്കുന്നത് ബോളിവുഡിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറാണ്. 21 വർഷങ്ങൾക്കു ശേഷമാണ് ജാവേദ് അക്തർ ഒരു സിനിമയ്ക്കു വേണ്ടി പ്രിയദർശനുമായി വീണ്ടും ഒന്നിക്കുന്നത്.
മലയാളത്തിലും ബോളിവുഡിലും നിരവധി സൂപ്പർഹിറ്റുകൾ നേടിയ പ്രിയദർശൻ സംവിധാനം ചെയ്യുന്ന 99-ാമത്തെ സിനിമയാണ് ഹൈവാൻ. ഈ സിനിമയ്ക്കു ശേഷം മോഹൻലാലുമായി ഒരുമിച്ച് തൻറെ 100-ാം സിനിമ സംവിധാനം ചെയ്യുമെന്നും അതിനു ശേഷം സിനിമയിൽ നിന്ന് വിരമിക്കണമെന്നാണ് തൻറെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിചേർത്തു.

